ചതുരംഗപ്പാറ: സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നെന്ന് വിജിലന്‍സ്

തൊടുപുഴ: ഇടുക്കി ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. റവന്യൂ, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകളുടെ അറിവോടെ നടന്ന പാറപൊട്ടിക്കലില്‍ സര്‍ക്കാരിന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.

ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പന്‍പാറ, സുബ്ബന്‍പാറ എന്നിവിടങ്ങളിലെ അനധികൃത പാറഖനനം നടത്തിയ മൂന്നിടത്താണു കോട്ടയം വിജിലന്‍സ് യൂണിറ്റ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി വ്യാപകമായി പാറപൊട്ടിക്കല്‍ നടക്കുന്നുവെന്ന പാരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. പാപ്പന്‍പാറ ബോജാ കമ്പനി ഭാഗത്തു സര്‍ക്കാര്‍ ഭൂമിയില്‍ സര്‍വേ 35/1 ല്‍ പെട്ട 75 ഏക്കറില്‍ തരിശു പാറയാണ്. ഇവിടെ നിന്നും പാലാ, മൂവാറ്റുപുഴ സ്വദേശികള്‍ ലക്ഷക്കണക്കിനു രൂപയുടെ പാറ പൊട്ടിച്ചു കടത്തിയെന്നാണു വിജിലന്‍സിനു ലഭിച്ച പരാതി. ഇതേ പരാതി നേരത്തെ റവന്യു വകുപ്പിനും നല്‍കിയിരുന്നു. തുടര്‍ന്നു റവന്യു ഉദ്യോഗസ്ഥര്‍ ഹിറ്റാച്ചിയടക്കമുള്ള ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും 12 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.


എന്നാല്‍, പിഴ അടച്ചില്ലെന്ന് മാത്രമല്ല ഉപകരണങ്ങള്‍ മാറ്റുകയും ചെയ്തു. ഇതോടെയാണ് അഴിമതിയുണ്ടെന്നും ഉദ്യോഗസ്ഥരടക്കം പങ്കാളിയാണെന്നും കാട്ടി ഇടുക്കി ദേവികുളം സ്വദേശി വിജിലന്‍സിനെ സമീപിക്കുന്നത്. ഈ പരാതിയിലുള്ള പിരശോധനയാണ് നടന്നത്.
വിജിലന്‍സ് സംഘത്തിലുണ്ടായിരുന്ന കോട്ടയം ജില്ല അസിസ്റ്റന്റ് ജിയോളജിസ്റ്റ് നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ റോയല്‍റ്റി ഇനത്തില്‍ കുറഞ്ഞത് ഒരു കോടി രൂപ സര്‍ക്കാരിന് നഷ്ടമായെന്നാണ് കണ്ടെത്തല്‍. വിശദ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ടു റിപ്പോര്‍ട്ട് നല്‍കാനാണു വിജിലന്‍സ് ഉദ്യോഗസ്ഥരുടെ തീരുമാനം.

 

 

Comments
error: Content is protected !!