CALICUTKERALAKOYILANDINEWS

പാര്‍ട്ടി നിലപാടിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു; സിഐടിയു നേതാവിനെതിരെ അച്ചടക്ക നടപടിക്ക് സി പി എം നീക്കം

കൊയിലാണ്ടി: സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി നിലപാടിനെതിരെ പോസ്റ്റിട്ടു എന്നാരോപിച്ച് കൊല്ലം ലോക്കല്‍ കമ്മറ്റി അംഗവും സി ഐ ടി യു വിന്റെ മുന്‍ഏരിയാ പ്രസിഡണ്ടുമായ എം പത്മനാഭനെതിരെ അച്ചടക്ക നടപടിക്ക് നീക്കം. പാര്‍ട്ടിയുടെ നവമാധ്യമ പേജിലുള്‍പ്പെടെ പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗത്തിന്റെ നിലപാടുകളെ വിശ്വാസത്തിലെടുക്കാതെ, അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞ് പോസ്റ്റിട്ടതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഏരിയാ കമ്മറ്റി അംഗം ഒരു ‘പാര്‍ട്ടി വിമതനെതിരെ’ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയായായിരുന്നു എം പത്മനാഭന്റെ പോസ്റ്റ്.

പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗമായ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെ ‘പാര്‍ട്ടി വിമതന്‍’ ആയ ഒരാള്‍ കയ്യേറ്റം ചെയ്തതായി ഒരു വ്യാജ വാര്‍ത്ത പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലും , പാര്‍ട്ടി പത്രത്തിലും പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് അഭിപ്രായവ്യത്യാസം

screenshot

”ഇതില്‍ കക്ഷി ചേരാന്‍ സഖാക്കളെ കിട്ടില്ല. അവര്‍ക്ക് വേറെ പല ഉത്തരവാദിത്തങ്ങളുമുണ്ട്” എന്ന് അവസാനിക്കുന്ന പോസ്റ്റ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് പോസ്റ്റ് ചെയ്ത ദിവസം രാത്രി തന്നെ പത്മനാഭന്‍ ഡീലിറ്റ് ചെയ്തിരുന്നു. എന്നിട്ടും  അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണം, എന്നാവശ്യപ്പെട്ട് സി പി എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി പത്മനാഭന് നോട്ടീസ് നല്‍കുകയായിരുന്നു.

പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗമായ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെ ‘പാര്‍ട്ടി വിമതന്‍’ ആയ ഒരാള്‍ കയ്യേറ്റം ചെയ്തതായി ഒരു വ്യാജ വാര്‍ത്ത ആദ്യം പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലും പിറ്റേന്ന് പാര്‍ട്ടി പത്രത്തിലും പ്രസിദ്ധീകരിക്കുകയായിരുന്നു. എന്നാല്‍ വാര്‍ത്ത നല്‍കിയ പാര്‍ട്ടി നേതാവ് വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി ഇത്തരം നുണകള്‍ സ്ഥിരമായി തട്ടിവിടുന്നയാളാണ് എന്നാരോപണമുള്ളതുകൊണ്ട്,  പാര്‍ട്ടി അണികളോ ജനങ്ങളോ അത് വിശ്വാസത്തിലെടുത്തില്ല. പാര്‍ട്ടി വിമതനെതിരെ പോലീസില്‍ പരാതി നല്‍കിയതായി വാര്‍ത്തയിലുണ്ടായിരുന്നെങ്കിലും അത്തരം ഒരു പരാതി ആരും നല്‍കിയിരുന്നുമില്ല. ഒരു വര്‍ഷം മുമ്പ്, തന്നെ കയ്യേറ്റം ചെയ്തു എന്ന് കാണിച്ച് മറ്റൊരു വ്യാജപ്പരാതി ഇതേ നേതാവ് തന്നെ കൊയിലാണ്ടി പോലീസില്‍ നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി കേസ്സെടുക്കാതെ ഒഴിവാക്കുകയായിരുന്നു. വിഷുവിന് പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഗുണ്ടുപടക്കം ചുമരരികില്‍ വെച്ച് പൊട്ടിച്ച്, തന്റെ വീടിനാരോ ബോംബെറിഞ്ഞു എന്ന് പ്രചരിപ്പിച്ച നേതാവാണിയാളെന്നും നാട്ടുകാരില്‍ ചിലര്‍ക്ക് ആക്ഷേപമുണ്ട്‌. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നിലപാട് തള്ളുന്ന പോസ്റ്റുമായി പത്മനാഭന്‍ രംഗത്ത് വന്നത്.

തന്റെ വിശദീകരണം പത്മനാഭന്‍ ഇതിനകം തന്നെ പാര്‍ട്ടിക്ക് നല്‍കിയതായാണ് അറിവ്. പുളിയഞ്ചേരി യു പി സ്‌കൂളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അംഗങ്ങള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെട്ടതിനെതിരെ, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്ക്, സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഈ ലോക്കലില്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പ്രമുഖനായ മറ്റൊരു പ്രവര്‍ത്തകനെതിരെ കൂടി അച്ചടക്ക നടപടി സ്വീകരിക്കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് പാര്‍ട്ടിയിലൊരു വിഭാഗം കരുതുന്നു. അതിനാല്‍ പത്മനാഭനെതിരായ നടപടി കേവലം താക്കീതിലോ ശാസനയിലോ ഒതുക്കി ലഘൂകരിക്കണം എന്നഭിപ്രായമുള്ളവരും നേതൃനിരയില്‍ തന്നെയുണ്ട്.

സി പി എമ്മിലെ കീഴ്വഴക്കമനുസരിച്ച് ഒരംഗത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടത് അയാളുടെ പാര്‍ട്ടി ഘടകം മുഖേനയാണ്. എന്നാല്‍ പത്മനാഭനെതിരായ അച്ചടക്ക നടപടിക്ക് നോട്ടീസ് കൊടുത്തത് ഏരിയാ കമ്മറ്റി നേരിട്ടാണ്. പത്മനാഭന്‍ അംഗമായ കൊല്ലം ലോക്കല്‍ കമ്മറ്റിയില്‍ ഇത് റിപ്പോര്‍ട്ടു ചെയ്യുകയോ അംഗങ്ങള്‍ക്ക് ചര്‍ച്ച നടത്താന്‍ അവസരം നല്‍കുകയോ ചെയ്തിട്ടില്ല. വിവരം ചോര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനാണ് ലോക്കല്‍ കമ്മറ്റിയെ മറികടന്ന് ഏരിയാ കമ്മറ്റി നേരിട്ട് കത്ത് നല്‍കിയത് എന്ന് ഏരിയാ കമ്മറ്റിയിലെ ഒരംഗം കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button