കെഎസ്ഇബിയുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം
തിരുവനന്തപുരം : കെഎസ്ഇബിയുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം. പണമടച്ചില്ലെങ്കിൽ വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിൽ ചില എസ്എംഎസ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. കെഎസ്ബിയുടെ പേരിൽ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളിൽ പെട്ട് വഞ്ചിതരാകാതിരിക്കാൻ കെഎസ്ഇബി തന്നെയാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എത്രയും വേഗം പണമടച്ചില്ലെങ്കിൽ/വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ കെ എസ് ഇ ബിയിൽ നിന്നെന്ന പേരിലുള്ള ചില വ്യാജ എസ് എം എസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ് ഇ ബ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.