Uncategorized

സിൽവർലൈൻ പദ്ധതിക്കുവേണ്ടി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകുന്നതിൽ എതിർപ്പ് ഉന്നയിച്ച് ദക്ഷിണ റെയിൽവെ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കുവേണ്ടി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകുന്നതിൽ ദക്ഷിണ റെയിൽവെ എതിർപ്പ് ഉന്നയിച്ചു. ഭൂമിവിട്ടുനൽകിയാൽ കേരളത്തിലെ റെയിൽ വികസനം സാധ്യമാകില്ലെന്നും ഭൂമി കൈവശമില്ലെങ്കിൽ വേഗപരിധി കൂടുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നും റെയിൽവേ വിശദീകരിച്ചു.

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ 187 ഹെക്ടർ സ്ഥലമാണ് കെ റെയിൽ കോർപ്പറേഷൻ റെയിൽവെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടർ ആയി ചുരുക്കി. എന്നാൽ ഭൂമി വിട്ടുനൽകാൻ സാധിക്കില്ല എന്ന നിലപാടാണ് റെയിൽവെ സ്വീകരിച്ചിട്ടുള്ളത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 107 ഹെക്ടർ ഭൂമി വിട്ടുനൽകിയാൽ അത് കേരളത്തിൽ ഭാവിയിൽ റെയിൽവേയുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കുന്നു.

സ്റ്റേഷനുകളുടെ വികസനം, ലൈനുകളുടെ ഇരട്ടിപ്പിക്കൽ, സിഗ്നലിങ് സംവിധാനത്തെ ഇരട്ടിപ്പിക്കൽ തുടങ്ങിയ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് ഭൂമി വലിയ തോതിൽ അനിവാര്യമാണ്. അതിനുവേണ്ടിയുള്ള ഭൂമിയാണ് റെയിൽവേ ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത്. ഈ ഭൂമി വിട്ടുനൽകിയാൽ ഭാവിയിൽ സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കും എന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്.

സിൽവർ ലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകനായ കോട്ടയം സ്വദേശി എം ഡി തോമസിന് നൽകിയ മറുപടിയിലാണ് ദക്ഷിണ റെയിൽവേ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതേ മറുപടി തന്നെ ദക്ഷിണ റെയിൽവെ കേന്ദ്ര റെയിൽവേ ബോർഡിനും സമർപ്പിച്ചിട്ടുണ്ട്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button