KERALA
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി: അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവവുമായി ബന്ധപ്പെട്ട്, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Comments