എല്ലാ വർഷവും എയിംസ് കിട്ടി എന്ന് തോന്നും, പക്ഷെ പ്രഖ്യാപനം വരുമ്പോൾ കേരളത്തിന് മാത്രമുണ്ടാവില്ല: മുഖ്യമന്ത്രി
എല്ലാ വർഷവും കേരളത്തിന് എയിംസ് അനുവദിച്ചു കിട്ടി എന്ന് തോന്നുമെന്നും പക്ഷെ ഒടുവിൽ പ്രഖ്യാപനം വരുമ്പോൾ കേരളത്തിന് മാത്രമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളുടെ നവകേരള സദസ്സ് കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എയിംസ് നമ്മുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ആരോഗ്യരംഗത്ത് മുൻപന്തിയിലുള്ള കേരളത്തിന് എയിംസ് അനുവദിക്കുക എന്നത് ഏതൊരാളും അംഗീകരിക്കും. പക്ഷെ നമ്മുടെ ആ അർഹത വർഷങ്ങളായി ശ്രമിച്ചിട്ടും അംഗീകരിക്കപ്പെടുന്നില്ല–മുഖ്യമന്ത്രി പറഞ്ഞു.
ആഗോളീകരണത്തിന് ബദൽ നയം നടപ്പാക്കുന്നതിനാൽ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് ശ്രമം. ദരിദ്രനെ അതിദരിദ്രൻ ആക്കാനല്ല അതിദാരിദ്ര്യം പൂർണമായും ഇല്ലായ്മ ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. വെറും 0.7 ശതമാനം മാത്രമാണ് കേരളത്തിലെ അതിദാരിദ്ര്യ നിരക്ക്. 2025 നവംബർ ഒന്ന് ആകുമ്പോഴേക്കും എല്ലാവരെയും അതിദാരിദ്ര്യ പട്ടികയിൽ നിന്ന് മുക്തരാക്കുകയാണ് ലക്ഷ്യം.
അനർഹമായത് ഒന്നും തന്നെ സംസ്ഥാനത്തിന് വേണ്ടെന്നും എന്നാൽ അർഹമായത് ലഭിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഒറ്റപ്പെടുത്തുന്നതോ പക തീർക്കലിന് വിധേയമാക്കുകയോ ചെയ്യുന്ന നടപടികൾ പാടില്ല.
സുശക്തമായ കേന്ദ്ര സർക്കാർ, സംതൃപ്തമായ സംസ്ഥാനം, അധികാരവും ധനവുമുള്ള പ്രാദേശിക ഭരണകൂടം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. കേന്ദ്രവും സംസ്ഥാനവും കൂടിയാണ് രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ശ്രമിക്കേണ്ടത്.
നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം പതിനായിരങ്ങൾ എത്തുന്നത് നമ്മുടെ നാട് മുന്നോട്ട് പോകണമെന്ന വികാരം മൂലമാണ്. ജനം ഒറ്റകെട്ടായി, അണിയണിയായി, മഹാപ്രവാഹമായി ഓരോ പരിപാടിക്കും എത്തിച്ചേരുന്നതിന്റെ സന്ദേശം “നിങ്ങൾ ധൈര്യമായി മുന്നോട്ട് പോയ്കൊള്ളൂ, ഞങ്ങൾ കൂടെയുണ്ട്” എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.