കൊയിലാണ്ടിയിൽ മക്കളെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കൊയിലാണ്ടി: മക്കളെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. മേലൂരിലെ ഒരു വീട്ടിൽ വിഷം ഉള്ളിൽ ചെന്ന് അതീവഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞുങ്ങളെയും അവരുടെ പിതാവിനെയും പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസാണ് കേസടുത്തത്.

കുട്ടികളുടെ അമ്മ അച്ഛനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയതോടെ രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളിൽ ഒരാളെ മേലൂരിലെയും മറ്റേയാളെ വടകരയിലെയും ബന്ധുവീടുകളിലായിരുന്നു നിർത്തിയിരുന്നത്. ശനിയാഴ്ച രാത്രി പത്തരയോടെ കുഞ്ഞിനെ സംരക്ഷിച്ചുപോന്നിരുന്ന വടകരയിലെ ബന്ധു കുട്ടിയെ അവരുടെ അച്ഛൻ കൂട്ടിക്കൊണ്ടുപോയെന്നും അയാളുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയെന്നും പറഞ്ഞ് വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു.

മേലൂരിലെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെയുള്ള കുട്ടിയെയും കൂട്ടിക്കൊണ്ടുപോയതായി അറിഞ്ഞതോടെ വടകര പൊലീസ് കുട്ടികളുടെ പിതാവ് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി സൈബർ സെല്ലിന്റെ സഹായം തേടുകയും ചെയ്തു. അന്വേഷണത്തിൽ മൊബൈലിന്റെ ലൊക്കേഷൻ മേലൂരിലാണെന്ന് കണ്ടതോടെ കൊയിലാണ്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് രാത്രി 11.30ഓടെ കൊയിലാണ്ടി പൊലീസ് ഈ വീട്ടിലെത്തുമ്പോൾ കുഞ്ഞുങ്ങൾ വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായിരുന്നു. രണ്ടുകുട്ടികൾക്കും വിഷം നൽകി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനുള്ള പദ്ധതിയിലായിരുന്നു ഇവരുടെ അച്ഛൻ. കുട്ടികളെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ രണ്ടുകുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കുട്ടികളുടെ അമ്മ അച്ഛനെതിരെ പയ്യോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നുള്ള മാനസിക വിഷമത്തിലാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നാണ് വിവരം

Comments
error: Content is protected !!