ഫറോക്ക്: വിദേശരാജ്യങ്ങളുടെ മാതൃകയില്‍ പാലങ്ങള്‍ ദീപാലംകൃതമാക്കുന്ന പദ്ധതിയുടെ തുടക്കം ഫറോക്ക് പഴയ പാലത്തില്‍ നിന്നുമായിരിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഫറോക്ക് പഴയപാലം ദീപാലംകൃതമാക്കി അലങ്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാലം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. പാലത്തിന്റെ ദീപാലങ്കാര പ്രവര്‍ത്തികളും അനുബന്ധ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി ജനുവരി 14 ന് വൈകിട്ട് ആറുമണിക്ക് ഉദ്ഘാടനം ചെയ്യും.
പാലത്തിനോട് ചേര്‍ന്നുള്ള കോര്‍പ്പറേഷന്റെ അധീനതയിലുള്ള പാര്‍ക്ക് നവീകരിച്ച് ഇരിപ്പിടങ്ങളും മിനി സ്റ്റേജ്, കഫ്റ്റീരിയ ഉള്‍പ്പെടെ സജ്ജീകരിക്കും. പഴയ പാലത്തിന്റെ ദീപാലംകൃതമായ കാഴ്ചയും ചാലിയാറിന്റെ മനോഹാരിതയും സന്ദര്‍ശകര്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ പാലത്തിനോട് ചേര്‍ന്ന് സെല്‍ഫി പോയിന്റ് ഒരുക്കുന്നുണ്ട്.
ചാലിയാറിന്റെ ജല ടൂറിസത്തിന് പ്രാധാന്യം നല്‍കി ഇതിന് സമീപത്തായി ഫ്ലോട്ടിംഗ് ജെട്ടിയും നിര്‍മ്മിക്കുന്നുണ്ട്. കോര്‍പറേഷന്‍ ജനപ്രതിനിധി, ജില്ലാ കലക്ടര്‍, ഡിടിപിസി സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായി പദ്ധതിയുടെ സ്ഥിരമായ നടത്തിപ്പും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും. പാര്‍ക്കില്‍ ശുചീകരണ തൊഴിലാളികളെയും സെക്യൂരിറ്റിയെയും നിയമിക്കും.