സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്ററിന് ധനവകുപ്പ് പണം അനുവദിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി 50 ലക്ഷം രൂപ അനുവദിച്ചത്.
പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വടകക്കെടുത്തിരുന്നത്. 25 മണിക്കൂര്‍ ഈ നിരക്കില്‍ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നല്‍കണം. പൈലറ്റ് ഉള്‍പ്പടെ പതിനൊന്നു പേര്‍ക്ക് ഒരേ സമയം ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെത്തിച്ചത്.
കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് ആദ്യമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കരാര്‍ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം രണ്ടര വര്‍ഷം കഴിഞ്ഞ് 2023ലാണ് സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകക്കെത്തിച്ചത്.