തിരൂര്‍: ഓടുന്ന ട്രെയിനില്‍ തീപ്പിടുത്തം. എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള-നിസാമുദ്ധീന്‍ എക്സ്പ്രസിലാണ് തീപ്പിടുത്തമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് 4.50 ഓടെയാണ് സംഭവം. തിരൂര്‍ റെയിന്‍വേ സ്റ്റേഷന് ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മുത്തൂര്‍ വിഷുപ്പാടത്ത് എത്തിയപ്പോഴാണ് ട്രെയിനിന്റെ അവസാന ബോഗിയായ ലഗേജ് കം ബ്രേക്ക് വാനിന്റെ അടിയില്‍ നിന്നും വന്‍തോതില്‍ തീയും പുകയുമുയര്‍ന്നത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി ബഹളമുണ്ടാക്കി.
ട്രെയിന്‍ നിര്‍ത്തിയോടെ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ട്രയിനില്‍ നിന്നും പുറത്തേക്ക് ചാടി. ട്രെയിന്‍ എഞ്ചിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ആറോളം അഗ്‌നിശമന ഉപകരണങ്ങളാണ് ഉപയോഗിച്ചത്. തീയണച്ചതിനെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷം 5.20 ഓടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു.
ട്രയിനിന്റെ ബ്രേക്കര്‍ ജാമായതിനെ തുടര്‍ന്നാണ് തീപ്പൊരി ചിതറി തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി സംശയത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തിരൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനിലും പരിശോധന നടത്തിയ ശേഷമാണ് വീണ്ടും യാത്ര തുടര്‍ന്നത്.