KERALA
മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു
തൃശ്ശൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയും അഭിഭാഷകനുമായിരുന്ന കെ പി വിശ്വനാഥൻ (83) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും മുതിർന്ന നേതാവായിരുന്ന കെ പി വിശ്വനാഥൻ രണ്ടുതവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറ് തവണ എംഎല്‍എയായി സഭയിലെത്തി. 1991-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആദ്യമായി വനംമന്ത്രിയായി. പിന്നീട് 2004-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വനംവകുപ്പ് മന്ത്രിയായി. രണ്ടുതവണയും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെക്കേണ്ടി വന്നു. 2006, 2011 തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടെയും മകനായി 1940 ഏപ്രില്‍ 22നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍നിന്ന് ബിരുദം നേടി. യൂത്ത് കോണ്‍ഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 70 വരെ യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായി. 1970ല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായി. 1972 മുതല്‍ കെപിസിസി അംഗമായിരുന്നു.
വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹത്തിന് തൃശൂര്‍ ഏര്‍പ്പെടുത്തിയ മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Comments