സംസ്ഥാനത്തെ നദികളിൽ നിന്നും വീണ്ടും മണൽവാരാൻ അനുമതി നൽകാൻ സർക്കാർ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്നും വീണ്ടും മണൽ വാരാൻ അനുമതി നൽകാൻ സർക്കാർ പദ്ധതി. നിയമസെക്രട്ടറിയുടെ നേതൃത്വത്തിൽ മണൽ വാരൽ വീണ്ടും തുടങ്ങാനുള്ള കരട്ബിൽ തയ്യാറാക്കാൻ അഞ്ചംഗ ഉപസമിതിക്ക് രൂപം നൽകി. നിയമത്തിൽ മാറ്റം വന്നാൽ ആറ്റുമണൽ ലഭ്യത എളുപ്പമാകുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിനും പുതിയൊരു വരുമാന മാർഗവും ആവും.
സംസ്ഥാനത്തെ നദികളിൽ നിന്നും മണൽ വാരുന്നതിന് ഹൈക്കോടതിയാണ് വിലക്കേർപ്പെടുത്തിയത്. മണൽ വാരൽ വീണ്ടും തുടങ്ങാൻ റവന്യുവകുപ്പ് നിയമത്തിൽ മാറ്റം വരുത്തുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. മണൽവാരൽ അനുവദിക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം ഉയരുമെന്നത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് ആശ്വാസവുമാകും. ഇതെല്ലാം മുന്നിൽക്കണ്ടാണ് നിയമഭേദഗതി അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.
32 നദികളിലെ മണൽശേഖരത്തിന്റെ വിലയിരുത്തൽ പൂർത്തിയായിട്ടുണ്ട്. ഇതിൽ 17-ൽ മണൽ നിക്ഷേപം കണ്ടെത്തി. പാരിസ്ഥിതിക അനുമതിയോടെ ഇവിടെ നിയന്ത്രിത അളവിൽ മണൽവാരാമെന്നാണ് ശുപാർശ. 14 നദികളിൽ മൂന്നുവർഷത്തേക്ക് മണൽവാരൽ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
അച്ചൻകോവിൽ, പമ്പ, മണിമല, പെരിയാർ, മൂവാറ്റുപുഴ, ഭാരതപ്പുഴ (സ്‌ട്രെച്ച് ഒന്നുമുതൽ മൂന്നുവരെ), കടലുണ്ടി, ചാലിയാർ, പെരുമ്പ, വളപട്ടണം, ശ്രീകണ്ഠാപുരം, മാഹി, ഉപ്പള, മൊഗ്രാൽ, ഷിറിയ, ചന്ദ്രഗിരി (പാർട്ട് 2) എന്നീ നദികളിൽ വീണ്ടും മണൽവാരാൻ അനുമതി നൽകാനാണ് ആലോചന. എന്നാൽ, ഇതുസംബന്ധിച്ച് അന്തിമ പട്ടിക ഇനിയും തയ്യാറായിട്ടില്ല.