കരിപ്പൂരിൽ നിന്നുള്ള ഹ‍ജ്ജ് യാത്രാക്കൂലി കുറയും

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹ‍ജ്ജ് യാത്ര കൂലി കുറയും. കേന്ദ്രം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്ന് മന്ത്രി വി അബ്ദു റഹ്മാൻ വ്യക്തമാക്കി. വിമാന യാത്ര നിരക്കിൽ തീരുമാനം എടുത്തത് കേന്ദ്രം ആണെന്നും ലീഗ് നേതാക്കൾ കാര്യം അറിയാതെ സംസ്ഥാന സർക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം നേരത്തെ തന്നെ കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാർജിൽ ഇളവ് നൽകുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയെന്ന് മുസ്ലിം ലീഗ് എം പിമാർ അറിയിച്ചിരുന്നു. കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും അവരോട് നീതിപുലർത്താനും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ലോക്സഭാംഗങ്ങളായ ഇ ടി മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി വി അബ്ദുൾ വഹാബും ന്യൂനപക്ഷ – ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നൽകിയിരുന്നെന്നും മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു.

കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാർക്കേഷൻ പോയന്റുകളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാർജ്ജിലുള്ള ഭീമമായ അന്തരവും വിശദമായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും മുസ്ലിം ലീഗ് എം പിമാർ വിവരിച്ചു. ഹജ്ജ് യാത്രക്കാരായ തീർത്ഥാടകരോടുള്ള ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാവതല്ല. എത്രയും പെട്ടെന്ന് ഇടപെട്ട് അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.

 

Comments
error: Content is protected !!