സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മൂന്ന് മെഡിക്കല്‍ കോളജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താന്‍ ഈ ചികിത്സയിലൂടെ സാധിക്കും.
ഈ വിഭാഗം ആരംഭിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടും കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഒന്ന് വീതവും അസി പ്രൊഫസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തല മുതല്‍ പാദം വരെയുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ശസ്ത്രക്രിയയില്ലാതെ വേദന രഹിതമായ ചികിത്സയാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത.
മാത്രമല്ല 90 ശതമാനം ചികിത്സകള്‍ക്കും രോഗിയെ പൂര്‍ണമായി മയക്കേണ്ടതുമില്ല. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. മെഡിക്കല്‍ കോളജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതല്‍ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ വ്യാപിപ്പിക്കുന്നതിനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.