ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക്  നാമനിർദേശം ചെയ്ത, പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള അംഗങ്ങൾക്ക്  പോലീസ് സംരക്ഷണം നൽകണം എന്ന് ഹൈക്കോടതി നിർദേശം. പൊലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും ഇവര്‍ക്ക് സെനറ്റ് മെമ്പർമാരായി പ്രവർത്തിക്കുന്നതിന് തടസ്സമുണ്ടാകുന്നില്ലെന്ന്  ഉറപ്പു വരുത്താനും പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

എസ്എഫ്ഐയാണ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്കെതിരെ കടുത്ത നിലപാടുമായി രംഗത്തുള്ളത്. കഴിഞ്ഞ തവണ സെനറ്റ് യോഗത്തിനെത്തിയ ഇവരെ സെനറ്റ് ഹാളിന്റെ ഗേറ്റ് പൂട്ടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ബാലൻ പൂതേരിയെ അടക്കം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറെ നേരം റോഡിൽ നിര്‍ത്തുകയും മത്സരിച്ച് ജയിച്ച് സെനറ്റ് അംഗങ്ങളാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് സെനറ്റ് അംഗങ്ങൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എതിർ കക്ഷികളായ  എസ്എഫ്ഐ നേതാക്കൾ ഹർജിക്കാരുടെ വീടറിയാമെന്നും അവിടേക്കെത്തുമെന്നും ഭീഷണി മുഴക്കിയതായും ഹർജിയിൽ ഉന്നയിച്ചിരുന്നു. തങ്ങളെ സെനറ്റ് ഹാളിലേക്ക് കടത്തിവിടാതെ തടഞ്ഞപ്പോൾ കാലിക്കറ്റ് സർവകലാശാല അധികൃതരും പോലീസും മൂകസാക്ഷികളായി നിലകൊണ്ടുവെന്നും സെനറ്റംഗങ്ങൾ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കേടതി  നടപടി.

Comments
error: Content is protected !!