KERALA

രാജ്യത്ത് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളത്തിലാണെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: രാജ്യത്ത് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളത്തിലാണെന്ന് റിപ്പോര്‍ട്ട്.  നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടേതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ 468 കേസുകള്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ ഇതില്‍ 376 കേസുകളും കേരളത്തില്‍ നിന്നുള്ളതാണ്. കേരളം കഴിഞ്ഞാല്‍ ജാർഖണ്ഡും മധ്യപ്രദേശും പിന്നാലെയുണ്ട്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണത്തേക്കാള്‍ വളരെ പിന്നിലാണ് രണ്ട് സംസ്ഥാനങ്ങളിലും ഗാര്‍ഹിക പീഡനത്തിന് എടുത്തിരിക്കുന്ന കേസുകള്‍. ഗാര്‍ഹിക പീഡന നിരോധന നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ, പരാതി നല്‍കാത്തതോ ആകാം മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറയാന്‍ കാരണമെന്നാണ് സൂചന. കേരളത്തില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് 12 മരണമുണ്ടായി. രാജ്യമാകെയുള്ള ആത്മഹത്യകളില്‍ കേരളം നാലാമതുമാണ്. 2022ല്‍ കേരളത്തില്‍ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. രാത്രി കാലങ്ങളിലുണ്ടാകുന്ന അപകടങ്ങളില്‍ കേരളം മൂന്നാമതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ പ്രകാരം 2020ല്‍ 10,139 കേസുകളാണെങ്കില്‍ 2022ല്‍ 15,213 ആയി. ഇതില്‍ 15,213 കേസുകളില്‍ 4,998 എണ്ണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ പ്രകാരം ഭര്‍ത്താവോ ബന്ധുക്കളോ ക്രൂരമായി ഉപദ്രവിച്ച സംഭവങ്ങളാണ്. സ്ത്രീത്വത്തെ അപമാനിച്ചതായി രജിസ്റ്റര്‍ ചെയ്തത് 4,940 കേസുകളാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button