സിൽവർലൈനിന് ഭൂമി നൽകാനാവില്ലെന്ന ദക്ഷിണ റെയിൽവെയുടെ നിലപാടിന് മറുപടി നൽകി കെ റെയിൽ
തിരുവനന്തപുരം: സിൽവർലൈനിന് ഭൂമി നൽകാനാവില്ലെന്ന ദക്ഷിണ റെയിൽവെയുടെ നിലപാടിന് കെ റെയിൽ മറുപടി നൽകി. റെയില്‍വെയുടെ ഭാവി വികസനം പരിഗണിച്ചു തന്നെയാണ് അലൈന്‍മെന്റ് തീരുമാനിച്ചതെന്നും ലഭ്യമായ റെയില്‍വെ ഭൂമി വിനിയോഗിക്കുന്നതിലുള്ള വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.
നിലവിലുള്ള ട്രാക്കില്‍നിന്ന് 7.8 മീറ്റര്‍ അകലം പാലിച്ചാണ് സില്‍വര്‍ അലൈന്‍മെന്റ് നിശ്ചയിച്ചത്. പ്രധാനപ്പെട്ട പാലങ്ങള്‍ വരുന്നിടത്തും നിലവിലുള്ള പാതയുമായി കൃത്യമായ അകലം സൂക്ഷിച്ചിട്ടുണ്ട്. നിലവിലുള്ള പാത നാലുവരിപ്പാതയാകുമ്പോള്‍ സ്വീകരിക്കേണ്ട ഡിസൈന്‍ മാനദണ്ഡങ്ങളെല്ലാം സില്‍വര്‍ ലൈന്‍ ഡിപിആറില്‍ പരിഗണിച്ചിട്ടുണ്ട്. ഇരുവശവും അതിര്‍ത്തി വേലികളുണ്ടാകുമെങ്കിലും സ്റ്റേഷന്‍ ലൊക്കേഷനുകളിലും മറ്റും എസ്‌കലേറ്റര്‍ പോലുള്ള സംവിധാനങ്ങളോടെ, പാത മുറിച്ചു കടക്കാനുള്ള ക്രോസ് വേകളുണ്ടാകുമെന്നും കെ റെയിൽ അധികൃതർ മറുപടി നൽകി. ദക്ഷിണ റെയിൽവെയുമായി നടത്തിയ ചർച്ചയിലാണ് കെ റെയിൽ സംശയങ്ങൾക്ക് മറുപടി നൽകിയത്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഭൂമിയിൽ തടസ വാദമുന്നയിച്ചാണ് റിപ്പോർട്ട്. തൃശൂർ–ഒല്ലൂർ സെക്‌ഷനിലും അങ്കമാലി–ആലുവ സെക്‌ഷനിലും റെയിൽവെ ട്രാക്കുകൾ തമ്മിൽ വ്യക്തമായ അകലമില്ല, സിൽവർലൈൻ പാത, ഇന്ത്യൻ റെയിൽവെയുടെ നിലവിലെ പാതയെ ക്രോസ് ചെയ്യുന്നത് ഭാവിയിലെ ട്രാക്ക് വിസനത്തെ ബാധിക്കും, പാതയ്ക്ക് ഇരുവശവും ഭിത്തി നിർമ്മിക്കുന്നത് റെയിൽവെ ഉപയോഗപ്പെടുത്തുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും തുടങ്ങിയ വാദങ്ങളാണ് റിപ്പോർട്ടിൽ ദക്ഷിണ റയിൽവെ പറഞ്ഞിരുന്നത്. ഇതിനെല്ലാം വിശദമായ മറുപടിയാണ് കെ റെയിൽവെ അധികൃതർ നൽകിയിരിക്കുന്നത്.