കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലെത്തിയിരുന്നു.
ദൈവനാമത്തിലാണ് ഗണേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്. ആറ് മിനിട്ട് നീണ്ട ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മിണ്ടിയില്ല. ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു.
ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരം മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും നേരത്തെ രാജിവച്ചിരുന്നു. ഇവർക്ക് പകരം കേരള കോൺഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറിനെയും കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.
ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതവകുപ്പ് മാത്രമാണ് ഗണേഷ് കുമാറിന് ലഭിച്ചത്. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകേണ്ടതില്ലെന്നാണ് സി പി എമ്മിന്റെ തീരുമാനം. കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പാണ് ലഭിച്ചത്. വകുപ്പുകളിൽ മാറ്റമുണ്ടായേക്കും. കണ്ണൂരിൽ നിന്നുള്ള നിയമസഭാ അംഗമാണ് രാമചന്ദ്രൻ കടന്നപ്പള്ളി.