മഞ്ചേരി: മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ കൂട്ടത്തോടെ അവധിയാക്കും. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജനറല്‍ ആശുപത്രിയുടെ ഭാഗമായുള്ള 12 ഡോക്ടര്‍മാരെ മുന്നറിയിപ്പോ ഡോക്ടര്‍മാരുടെ സന്നദ്ധതയോ ഇല്ലാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒഎ (കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്) ആണ് സമരം പ്രഖ്യാപിച്ചത്.
ഡോക്ടര്‍മാരെ അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം താലൂക്ക് ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയതോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഭാഗമായുള്ള ഹെല്‍ത്ത് സര്‍വ്വീസ് യൂണിറ്റുകളുടെ പ്രവര്‍ത്തനം താളം തെറ്റി. ഒ പി, ഐസിയു, ഓപ്പറേഷന്, കിടത്തി ചികിത്സ തുടങ്ങി രോഗി ചികിത്സയെ വരെ ഇത് ബാധിച്ചു തുടങ്ങി. അവശേഷിക്കുന്ന ഡോക്ടര്‍മാര്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദത്തിലാണെന്നും കെജിഎംഒഎ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ അര്‍ഹമായ പൊതു സ്ഥലംമാറ്റം വഴി പ്രസ്തുത ഡോക്ടര്‍മാര്‍ മഞ്ചേരിയില്‍ നിയമിതരായിട്ട് ആകെ നാല് മാസം മാത്രമേ ആയിട്ടുള്ളു. ഈ അവസരത്തിലാണ് ഡോക്ടര്‍മാരുടെ കുടുംബ ജീവിതത്തിലടക്കം പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് സ്ഥലം മാറ്റ ഉത്തരവ് ഒരു മുന്നറിയിപ്പുമില്ലാതെ വന്നത്.
ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഡിസംബര്‍ ഒന്നു മുതല്‍ രോഗി പരിചരണത്തെ ബാധിക്കാത്ത തരത്തില്‍ നിസ്സഹകരണ സമരം നടത്തി വരികയായിരുന്നു. ഇതുവരെ അനുകൂല നടപടികള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകുന്നതിന്റെ ഭാഗമായാണ് നാളെ കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. അത്യാഹിത വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ഒ.പി. പ്രവര്‍ത്തിക്കില്ല.