
കാസര്‍ഗോഡ്: സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയുടെ മുടി പരസ്യമായി മുറിച്ച കോട്ടമല മാര്‍ ഗ്രിഗോറിയോസ് സ്മാരക യുപി സ്‌കൂള്‍ പ്രഥമാധ്യാപിക ഷെര്‍ലി ജോസഫിന്റെ അറസ്റ്റ് ഈ മാസം 14 വരെ ഹൈക്കോടതി തടഞ്ഞു. അധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.അപ്പീല്‍ നല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിച്ചു തരണമെന്ന അപേക്ഷയെ തുടര്‍ന്നാണ് നിലവിലുള്ള വിധി നീട്ടിക്കൊണ്ട് കോടതി ഉത്തരവായത്.
ഒക്ടോബര്‍ 19നാണ് അധ്യാപിക വിദ്യാര്‍ത്ഥിയുടെ നീട്ടി വളര്‍ത്തിയ മുടി മുറിച്ചത്. സംഭവത്തിന് ശേഷം നാണക്കേടും കളിയാക്കലും ഭയന്ന് കുട്ടി സ്‌കൂളില്‍ പോയില്ല. മഹിളാ സാമൂഹിക പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് മുറിച്ച മുടിയുടെ അവശിഷ്ടങ്ങള്‍ സ്‌കൂളിലെ മാലിന്യം സൂക്ഷിക്കുന്ന പാത്രത്തില്‍ നിന്ന് കണ്ടെടുത്തു.
പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം, ബാലാവകാശ നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അധ്യാപികക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. കാസര്‍ഗോഡ് എസ്എംഎസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.