കുറ്റ്യാടിയില്‍ 21.34 കോടിയുടെ ഗ്രാമീണറോഡു പ്രവൃത്തി
കുറ്റ്യാടി: നിയോജകമണ്ഡലത്തില്‍ 21.34 കോടിയുടെ ഗ്രാമീണറോഡുകളുടെ പ്രവൃത്തി ആരംഭിക്കുന്നതായി കെ പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ അറിയിച്ചു. നിയോജകമണ്ഡലത്തിലെ ആയഞ്ചേരി, പുറമേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 7.74 കോടി രൂപയുടെ തണ്ണീര്‍പ്പന്തല്‍-ഇളയിടം-അരൂര്‍ റോഡ്, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ 7.40 കോടി രൂപയുടെ പുന്നോളിമുക്ക്-ഉല്ലാസ്നഗര്‍-ഫീനിക്സ് മുക്ക്-ഹരിജന്‍ കോളനി റോഡ്, മണിയൂര്‍, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 6.20 കോടി രൂപയുടെ വായേരി ഒന്തം കീഴല്‍മുക്ക്- മേമുണ്ട-അമരാവതി റോഡ് എന്നീ പ്രവൃത്തികളാണ് പി എം ജി എസ് വൈ സ്‌കീം പ്രകാരം ആരംഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്നു റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ തണ്ണീര്‍പ്പന്തല്‍-ഇളയിടം-അരൂര്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. പുറമേരി, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ഗതാഗത പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.
അഞ്ചര കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡിന് 7.74 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു മൈനര്‍ ബ്രിഡ്ജും, 15 കള്‍വേര്‍ട്ടുകളും, ഐറിഷ് ഡ്രെയിനേജും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തിയുടെ കരാര്‍ വെച്ചിട്ടുള്ളത്. മറ്റ് രണ്ട് പ്രവൃത്തികളുടെയും കരാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം നടത്തുക. എഫ് ഡി ആര്‍ (ഫുള്‍ ഡെപ്ത് റിക്ളമേഷന്‍) എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മൂന്ന് റോഡുകളുടെയും നിര്‍മ്മാണം നടത്തുക. അഞ്ചുവര്‍ഷമാണ് റോഡിന്റെ പരിപാലന കാലാവധി. അഞ്ചുവര്‍ഷത്തിനിടയ്ക്ക് റോഡിന് എന്ത് തകരാര്‍ സംഭവിച്ചാലും ആയത് കരാര്‍ പ്രകാരം പരിഹരിക്കപ്പെടുന്നതായിരിക്കുമെന്നും അദേഹം വ്യക്തമാക്കി.
തദ്ദേശ വകുപ്പിന് കീഴില്‍ വരുന്ന കേരള സേ്റ്ററ്റ് റൂറല്‍ റോഡ് ഡെവലപ്മെന്റ് ഏജന്‍സി (കെ എസ് ആര്‍ ആര്‍ ഡി എ) ആണ് നിര്‍വഹണ ഏജന്‍സി. കെ എസ് ആര്‍ ആര്‍ ഡി എ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടന്നുവരുന്നത്. തണ്ണീര്‍പ്പന്തല്‍ – ഇളയിടം – അരൂര്‍ റോഡ് പ്രവൃത്തി നടന്നുവരുന്ന സ്ഥലം തണ്ണീര്‍പന്തലിനടുത്തുവച്ച് സന്ദര്‍ശിച്ചു.