മംഗളൂരു-ഗോവ വന്ദേഭാരത് കേരളത്തിലേക്ക് നീട്ടിയേക്കും
തിരുവനന്തപുരം: മംഗളൂരു-ഗോവ റൂട്ടില്‍ പുതുതായി ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലേക്ക് നീട്ടിയേക്കും. നിലവിൽ മംഗളൂരു-ഗോവ വന്ദേഭാരത് ഒരാഴ്ച സര്‍വീസ് നടത്തിയിട്ടും മുപ്പത് ശതമാനം ടിക്കറ്റുകള്‍ പോലും വിറ്റഴിയുന്നില്ലെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.
വന്ദേഭാരതിനെ യാത്രക്കാര്‍ ഉപേക്ഷിച്ചതോടെ മംഗളൂരു-ഗോവ ട്രെയിന്‍ കണ്ണൂരിലേക്കോ കോഴിക്കോടേക്കോ നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കോഴിക്കോടിനും മംഗളൂരുവിനും ഇടയില്‍ ട്രെയിനുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ കയറുമെന്നാണ് റെയില്‍വേയും പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസമാണ് മംഗളൂരു-ഗോവ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഗോവയിലേക്കുള്ള വന്ദേഭാരത് മംഗളൂരുവില്‍ നിന്നും രാവിലെ 8.30 ന് പുറപ്പെടും. നാലര മണിക്കൂറു കൊണ്ട് ഗോവയില്‍ എത്തും. രാവിലെ 5.30 ന് കോഴിക്കോട് നിന്നോ 6.30 ന് കണ്ണൂരില്‍ നിന്നോ പുറപ്പെട്ടാല്‍ നിലവിലെ സമയക്രമം മാറ്റാതെ സര്‍വീസ് നടത്താനും സാധിക്കും. കോഴിക്കോട് നിന്നു പുറപ്പെട്ടാല്‍ വന്ദേഭാരതിന് ഏഴര മണിക്കൂര്‍ കൊണ്ട് ഗോവയില്‍ എത്താന്‍ കഴിയും.
വൈകിട്ട് 6.10 ന് ഗോവയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45 ന് മംഗളൂരുവില്‍ എത്തുന്ന തരത്തിലാണ് മടക്കയാത്ര. ഇത് ഉച്ചയ്ക്ക് 2.15 ന് പുറപ്പെടുന്ന രീതിയില്‍ പുനക്രമീകരിച്ചാല്‍ വൈകിട്ട് 6.45 ന് മംഗളൂരുവിലും രാത്രി 8.45 ന് കണ്ണൂരും 9.45 ന് കോഴിക്കോടും എത്താന്‍ സാധിക്കും.