
കണ്ണൂര്‍: ഞെട്ടിത്തോട് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റായ കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടതായി വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍. നവംബര്‍ 13 ന് രാവിലെ 9.50 നായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു സ്ത്രീയടക്കം രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായി അന്ന് സൂചനയുണ്ടായിരുന്നു. പോലീസുമായി ഏറ്റുമുട്ടിയ എട്ടംഗ സംഘം കാട്ടിലേക്ക് മറഞ്ഞെന്നും പോലീസ് അറിയിച്ചിരുന്നു. പരിക്കേറ്റവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ പശ്ചിമഘട്ടത്തെ ഒരുക്കിയെടുക്കുന്ന മോദി- പിണറായി സര്‍ക്കാരുകളുടെ ആസൂത്രിത നീക്കമാണ് കവിതയുടെ കൊലപാതകമെന്ന് പോസ്റ്ററില്‍ പറയുന്നു. കബനി ദളത്തിന്റെ മുന്‍ കമാന്‍ഡര്‍ ആയിരുന്ന ലക്ഷ്മി എന്ന കവിത കൊല്ലപ്പെടുമ്പോള്‍ കബനി ഏരിയ സെക്രട്ടറി ആയിരുന്നെന്നും ഭൗതിക ശരീരം ഒരു വിപ്ലവകാരിക്ക് ലഭിക്കേണ്ട എല്ലാ ബഹുമതികളോടും കൂടി പശ്ചിമഘട്ടത്തില്‍ സംസ്‌കരിച്ചുവെന്നും മാവോയിസ്റ്റുകളുടേത് എന്ന് കരുതപ്പെടുന്ന കത്തില്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് തിരുനെല്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആറംഗ സംഘമെത്തിയാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് വിവരം.
കവിത (ലക്ഷ്മി) 2021 ല്‍ കീഴടങ്ങിയ ലിജേഷ് എലിയാസ് രാമു എന്ന മാവോയിസ്റ്റിന്റെ ഭാര്യയാണ്. ആന്ധ്രാപ്രദേശിലെ റായലസീമ സ്വദേശിനിയാണെന്നും മുന്‍പ് കര്‍ണാടകത്തിലെ തുംഗഭദ്ര ദളത്തിന്റെ ഭാഗമായിരുന്നെന്നും 2015 ലാണ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ ഭാഗമാകുന്നതെന്നും കരുതപ്പെടുന്നു.