പുലിപ്പേടിയിൽ നടേരിപ്രദേശം; കൊയിലാണ്ടി നഗരസഭയിൽ വന്യജീവികളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു
കൊയിലാണ്ടി: നഗരസഭാ പ്രദേശത്ത് വന്യജീവികളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നതിൽ നാട്ടുകാർക്ക് ഉത്കണ്ഠ. കഴിഞ്ഞ ദിവസമാണ് നടരിയിലെ കുതിരക്കുടവയലിൽ പുലിക്ക് സമാനമായ അജ്ഞാത ജീവിയെ കണ്ടത്. തിങ്കളാഴ്ച പുലർച്ചെ കുറുവങ്ങാട് മാവിൻചുവട് ഭാഗത്ത് ഒരു വമ്പൻ കാട്ടുപന്നിയെ പലരും കാണുകയുണ്ടായി. ഏതാനും മാസം മുമ്പാണ് ഒരു മാൻ ഇവിടെയൊക്കെ ചുറ്റിക്കറങ്ങുകയും അവസാനം തീവണ്ടി തട്ടി മരിക്കുകയും ചെയ്തത്. പെരുമ്പാമ്പുകളുടെ സാന്നിദ്ധ്യവും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങളായി മയിൽ, കുരങ്ങ്, എന്നിവയെ ഈ പ്രദേശങ്ങളിൽ കണ്ടുവരുന്നുണ്ട്. വന്യജീവികളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് എന്തുകൊണ്ട്, എന്ന ചോദ്യത്തിന് വനം വകുപ്പുകാരുടെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി ലഭിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം, വരൾച്ച എന്നൊക്കെയാണവർ മറുപടിയായി പറയുന്നത്.
കഴിഞ്ഞ ദിവസം സന്ധ്യക്കാണ് നടേരി കുതിരക്കുടവയലിലെ ചെറിയ പറമ്പത്ത് നടപ്പാതയിൽ പുലിയെന്ന് തോന്നിപ്പിക്കുന്ന അഞ്ജാത ജീവിയെ കണ്ടത്. പ്രദേശവാസിയായ ഗോപാലൻ നായർ ഈ ജീവി ഒരിടത്തിരിക്കുന്നതും നടന്നു പോകുന്നതുമൊക്കെ, അപ്പോൾ തന്നെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. മനുഷ്യസാന്നിദ്ധ്യം അറിഞ്ഞ ശേഷവും ഈ ജന്തു സാവധാനം നടന്ന് നെൽവയലിനകത്ത് കയറി കാഴ്ചയിൽ നിന്ന് മറയുകയായിരുന്നു. പുലിയാണെങ്കിൽ മനുഷ്യ സാന്നിദ്ധ്യം അറിഞ്ഞ ഉടനെ ഓടിമറയുകയാണ് ചെയ്യുക; എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു ഒത്ത നായയേക്കാൾ വലിപ്പുള്ളതാണ് ഈ ജീവി എന്ന് ഗോപാലൻ നായർ സാക്ഷ്യപ്പെടുത്തുന്നു. വലിയ കാട്ടുപൂച്ചയോ, വള്ളിയേരി (ലിയോപാർഡ് കാറ്റ്) എന്ന ജീവിയോ ആയിരിക്കാം ഇതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കാട്ടുപൂച്ചകളെ ഇത്ര വലിപ്പത്തിൽ ഒരിക്കലും കണ്ടിട്ടില്ലന്ന് കർഷകർ സാക്ഷ്യം പറയുന്നു. പുലിയാവാനുള്ള സാദ്ധ്യത തുലോം കുറവാണ്. നാട്ടിലിറങ്ങിയാൽ പട്ടികളെയാണ് പുലികൾ പ്രധാനമായും ഭക്ഷണമാക്കുക. കാട്ടിൽ പന്നികളും. ഈ പ്രദേശങ്ങളിലൊന്നും ഈ അജ്ഞാതജീവി പട്ടികളെ ഭക്ഷണമാക്കിയതായി അറിവില്ല. ഏതായാലും കടുവയും പുലിയുമൊക്കെ ഉൾപ്പെടുന്ന ബിഗ്കാറ്റ് വിഭാഗത്തിൽ പെട്ട മൃഗമാണിത് എന്ന കാര്യത്തിൽ സംശയമില്ല.
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചയിലുമായി ഒരു വലിയ കാട്ടുപന്നിയെ കുറുവങ്ങാട് മാവിൻ ചുവട് ഭാഗത്ത് ചിലരൊക്കെ കണ്ടിരുന്നു. പുലർച്ച അഞ്ചര മണിയോടെ റെയിൽവേസ്റ്റേഷനിലേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് മുമ്പിൽ റോഡിലാണ് ഈ കാട്ടുപന്നി വന്നുപെട്ടത്. ഒഴിഞ്ഞു പോകാൻ വഴിയില്ലാത്തത് കൊണ്ട് ആക്രമിക്കുമോ എന്ന ഭയത്തിലായിരുന്നു സ്കൂട്ടറിൽ സഞ്ചരിച്ചവർ. എന്നാൽ വലിയ ശബ്ദത്തിൽ മുക്രയിട്ട് തൊട്ടരികിലെ ഉയരമുള്ള മതിൽ ചാടിക്കടന്ന് കാട്ടുപന്നി വളപ്പിലെ ഇരുളിൽ മറയുകയായിരുന്നു. രാത്രി വൈകിട്ട് വീട്ടിന് വെളിയിലിറങ്ങിയ ഒരാളും പന്നിയെ കണ്ട് ഭയപ്പെട്ടതായി പറയുന്നുണ്ട്. നഗരസഭയുടെ നിർദ്ദിഷ്ട കണ്ടൽ പാർക്ക് പ്രദേശത്ത് കാട്ടു പൂച്ചകൾ, നീർനായകൾ, പെരുമ്പാമ്പുകൾ മറ്റു പല തരം പാമ്പുകൾ തുടങ്ങി ധാരാളം വന്യജീവികളുടെ സാന്നിദ്ധ്യമുണ്ട്.
വലിയ തോതിൽ കുന്നിടിച്ച് മണ്ണെടുക്കുന്നതും, കാർഷിക പ്രതിസന്ധികാരണം പറമ്പുകളും വയലുകളുമൊക്കെ തരിശിടുന്നതും, ഇത്തരം ജീവികളുടെ സാന്നിദ്ധ്യം മനുഷ്യവാസമുള്ള മേഖലകളിലേക്കെത്താൻ കാരണമാകുന്നതായി പറയപ്പെടുന്നു. നമ്മുടെ പ്രദേശം വലിയ വരൾച്ചയെ നേരിടാൻ പോകുന്നതിൻ്റെ മുന്നോടിയാണ് മയിലുകളുടെ സാന്നിദ്ധ്യം കൂടി വരുന്നത് എന്ന അഭിപ്രായമാണ് പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നത്. കീടനാശിനികളുടെ വ്യാപകമായ ഉപയോഗം നിമിത്തം നാട്ടിൽ കുറുക്കന്മാരുടെ എണ്ണം വൻതോതിൽ കുറഞ്ഞ് പോയിട്ടുണ്ട്. ഇത് മുള്ളൻപന്നി, കാട്ടു പന്നി, പെരുമ്പാമ്പ് എന്നിവയുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പന്നിക്കുഞ്ഞുങ്ങളേയും പെരുമ്പാമ്പിൻ്റെ മുട്ടകളേയുമൊക്കെ ആഹാരമാക്കിയിരുന്ന ജീവിയാണ് കുറുക്കൻ. ഇവയുടെ എണ്ണച്ചുരുക്കം മറ്റു വന്യജീവികളുടെ വംശവർദ്ധനക്ക് കാരണമാകുന്നതായും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.