കൊച്ചി : നവകേരള സദസിന്റെ പരിപാടികളില്‍നിന്നു വിട്ടുനിന്ന മുഴുവന്‍സമയ പ്രവര്‍ത്തകരെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ ബ്രാഞ്ച്തലത്തില്‍ നിര്‍ദേശം നല്‍കി സി പി എം സംസ്ഥാന സമിതി. ഈ മാസം അവസാനത്തോടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കാനും കീഴ്ഘടകങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ പാര്‍ട്ടി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ജില്ലാതല റിപ്പോര്‍ട്ടുകള്‍ പ്രകാരം നവകേരള സദസ് തൃപ്തികരമാണെങ്കിലും പാര്‍ട്ടിയുടെ അലവന്‍സ് വാങ്ങുന്ന മുഴുവന്‍സമയ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പല സ്ഥലങ്ങളിലും വിട്ടുനിന്നതായി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടു.
ഈ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അതതു ഘടകങ്ങളില്‍ വിലയിരുത്തി വേണം അംഗത്വം പുതുക്കല്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും ഇത്തരക്കാരെ അനുഭാവി ഗ്രൂപ്പിലേക്കു മാറ്റുന്ന കാര്യം പരിഗണിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഇതര രാഷ്ട്രീയകക്ഷികളില്‍നിന്നു നവകേരള സദസിനെത്തിയവരെ പാര്‍ട്ടി അംഗത്വത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടത്തണമെന്നും ഓര്‍മിപ്പിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടത്തേണ്ട അംഗത്വ ക്യാമ്പയിന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഈ മാസംതന്നെ പൂര്‍ത്തിയാക്കുന്നത്.
അതിനിടെ, കര്‍ഷകത്തൊഴിലാളികളെ അണിനിരത്തി ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രനടപടിക്കെതിരേ പഞ്ചായത്ത്തലത്തില്‍ ”പാവങ്ങളുടെ പടയണി” സദസ് പാര്‍ട്ടി സംഘടിപ്പിക്കും. ഈ മാസം 20നു കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ ദേശീയപാതയില്‍ ഡി വൈ എഫ് ഐ നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ ഒരിടത്തും കണ്ണിപൊട്ടരുതെന്നും നിര്‍ദേശമുണ്ട്.