നീതി ആയോഗ് ഉപാധ്യക്ഷൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ കുമാർ ബെറി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണം രാജ്യപുരോഗതിയിൽ പ്രധാനപ്പെട്ടതാണെന്ന് ഉപാധ്യക്ഷൻ പറഞ്ഞു.
സംസ്ഥാനങ്ങളുടെ സാമൂഹിക, സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സഹായം നൽകുക എന്ന ലക്ഷ്യത്തോടെ നീതി ആയോഗ് ആരംഭിച്ചിട്ടുള്ള സ്റ്റേറ്റ് സപ്പോർട്ട് മിഷൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഏറെ സഹായകമാകുമെന്ന് ഉപാധ്യക്ഷൻ പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലെയും വികസനത്തിനു നേതൃത്വം നൽകുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്ഫോർമേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനു താത്പര്യമുള്ള സംസ്ഥാനങ്ങൾക്ക് നീതി ആയോഗ് പിന്തുണ നൽകും. ഓരോ സംസ്ഥാനങ്ങളുടേയും പ്രത്യേകമായ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പ്രത്യേക ഇടപെടലുകളാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്.
സുസ്ഥിര വികസനത്തിന്റെ കേരള മോഡൽ ലോകമാകെ അംഗീകരിക്കപ്പെട്ടതും മാതൃകയാക്കുന്നതുമാണെന്നും ഉപാധ്യക്ഷൻ ചൂണ്ടിക്കാട്ടി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയ സംസ്ഥാനമാണു കേരളം. യുവതലമുറയുടേയും വയോജനങ്ങളുടേയും ക്ഷേമം ഒരേപോലെ ഉറപ്പാക്കേണ്ട വെല്ലുവിളിയാണ് ഇപ്പോൾ കേരളം നിർവഹിച്ചുവരുന്നത്. സാമൂഹിക, പശ്ചാത്തല വികസന മേഖലകളിൽ കേരളം നടത്തുന്ന ഇടപെടലുകളും നടപ്പാക്കുന്ന നൂതന പദ്ധതികളും മാതൃകാപരമാണ്.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം ഏബ്രഹാം, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബിന്ദ്രകുമാർ അഗർവാൾ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവരും പങ്കെടുത്തു.