താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഇല്ല; രോഗികളും പോലീസും ദുരിതത്തിൽ
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് സൗകര്യം ലഭിക്കാതെ രോഗികൾ വലയുന്നു. ശബരിമല ഡ്യൂട്ടിക്ക് പോയ ആംബുലൻസ് തിരിച്ചുവിളിക്കണമെന്ന ആവശ്യവും ഉയരുന്നു. അജ്ഞാത മൃതശരീരങ്ങൾ കൊണ്ടുപോകാനുള്ള ചിലവ് പോലീസ് തന്നെ വഹിക്കേണ്ടിവരുന്നതായി അധികൃതർ ആക്ഷേപം ഉയർത്തുന്നുണ്ട്.
തിരക്കേറിയ ഈ ആശുപത്രിയിൽ രണ്ട് ആംബുലൻസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന് ശബരിമല ഡ്യൂട്ടിക്ക് കൊണ്ടുപോയി. മറ്റൊന്ന് റിപ്പയറിംഗിന് കൊണ്ടുപോകുകയും ചെയ്തു. റിപ്പയറിംഗ് പൂർത്തിയായെങ്കിലും ഡി എം ഒ യുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. ക്ലിയറൻസ് ലഭിച്ചെങ്കിലേ റോഡിലിറക്കാൻ സാധിക്കുകയുള്ളൂ.
േ
സാധാരണ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രികളിലെ ആംബുലൻസുകൾ ശബരിമല ഡ്യൂട്ടിക്ക് കൊടുക്കാറില്ല. കഴിഞ്ഞ ദിവസങ്ങളിൽ കൊയിലാണ്ടിയിൽ തീവണ്ടി തട്ടി മരിച്ച അജ്ഞാത മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിൽ എത്തിക്കാനുള്ള ചെലവ് പോലീസുകാരാണ് വഹിച്ചത്. ഇതേത്തുടർന്നാണ് ആംബുലൻസ് എത്രയും പെട്ടെന്ന് തിരിച്ച് വിളിക്കണമെന്ന ആവശ്യം ഉയർന്നത്.