ശബരിമലയിൽ ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല

ശബരിമല : മകരവിളക്കിനോടനുബന്ധിച്ച്  ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് ജനുവരി 10-ാം തീയതി മുതൽ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം.

14-ാം തീയതി വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 50000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരാൻ കഴിയുകയുള്ളൂ. 14, 15 എന്നീ തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ ഈ ദിവങ്ങളിൽ മാളികപ്പുറങ്ങളും കുട്ടികളും ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോർഡ്  പ്രസിഡന്റ്  പി എസ് പ്രശാന്ത് അഭ്യർത്ഥിച്ചു.
16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക്  വെർച്വൽ ക്യൂ ബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
Comments
error: Content is protected !!