പിഎം കിസാൻ സമ്മാൻ നിധി അനധികൃതമായി കൈപ്പറ്റിയവരെ കണ്ടെത്താൻ നോഡൽ ഓഫീസർമാരെ നിയോഗിക്കുന്നു
തിരുവനന്തപുരം: പിഎം കിസാൻ സമ്മാൻ നിധി അനധികൃതമായി കൈപ്പറ്റിയവരെ കണ്ടെത്താൻ നോഡൽ ഓഫീസർമാരെ നിയോഗിക്കുന്നു. കേന്ദ്ര കൃഷി മന്ത്രാലത്തിന്റെ നിർദ്ദേശപ്രകാരമാണ് നോഡൽ ഓഫീസർമാരെ നിയോഗിക്കുന്നത്. തുക കൈപ്പറ്റുന്ന അനർഹരെ കണ്ടെത്താനും പട്ടികയിൽ ഉൾപ്പെടാത്ത അർഹരെ കണ്ടെത്തി ആനുകൂല്യം നൽകാനുമാണിത്. കിസാൻ സമ്മാൻ നിധി വഴി പണം കൈപ്പറ്റിയ അനർഹർ തുക തിരിച്ചടയ്ക്കേണ്ടി വരും. പണം തിരിച്ചടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെ നേരിടേണ്ടി വരും.
മൂന്നു വില്ലേജുകൾക്ക് ഒരു നോഡൽ ഓഫീസർ എന്ന നിലയിലായിരിക്കും പുതിയ സംവിധാനം പ്രവർത്തിക്കുക. കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ് എന്നിവരെയാണ് നോഡൽ ഓഫീസറായി നിയമിക്കുന്നത്. ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ട അർഹരായവർക്ക് നോഡൽ ഓഫീസർമാർ വരുന്നത് ഗുണം ചെയ്യും. അപേക്ഷിച്ചിട്ടും ആനുകൂല്യം ലഭിക്കാത്തവർ, ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കാത്തവർ എന്നിവരെ നേരിൽക്കണ്ട് നടപടി സ്വീകരിക്കുക, ഗ്രാമസഭയും തപാൽ, ബാങ്ക് പ്രതിനിധികളുടെ യോഗവും വിളിച്ച് പുരോഗതി വിലയിരുത്തുക തുടങ്ങിയവയാണ് നോഡൽ ഓഫീസറുടെ ചുമതല.