ഡോ.എം കുഞ്ഞാമന്റെ ആത്മകഥ ‘എതിര്’, ജാതി കേരളത്തിന്റെ വിമോചനപാത- എന്‍ വി ബാലകൃഷ്ണന്‍

 

എന്‍ വി ബാലകൃഷ്ണന്‍

രാള്‍ ആത്മഹത്യ ചെയ്യുന്നു. ‘അതും ഞാനീ ലോകത്ത് നിന്ന് പോകുന്നു, എന്ന് വികാര വിക്ഷോഭങ്ങളൊന്നുമില്ലാതെ സ്വന്തം കയ്യക്ഷരത്തില്‍ ആത്മഹത്യക്കുറിപ്പ് തയാറാക്കി വെച്ചതിന് ശേഷം! ആത്മഹത്യ പാപമാണെന്നും ഭീരുത്വമാണെന്നുമൊക്കെ നമുക്ക് പറയാം. കാരണം നാം ആത്മഹത്യ ചെയ്യാന്‍ പോലും ശേഷിയില്ലാത്ത ഭീരുക്കളാണല്ലോ.

പരശുരാമന്‍ മഴുവെറിഞ്ഞ് കടലില്‍ നിന്ന് വീണ്ടെടുത്ത് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതാണ് കേരളം എന്ന് പറയാന്‍ നമുക്ക് പുരാവൃത്തങ്ങളുണ്ട്. പുരാവൃത്തമേത് ചരിത്രമേത് എന്ന് തിരിച്ചറിയാത്ത ചരിത്ര പണ്ഡിതരുണ്ട്. ക്ഷേത പ്രവേശനം രാജകുടുംബത്തിന്റെ ദാനമായിരുന്നു എന്ന് ഒരു ഇടത് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും ദേവസ്വം ബോര്‍ഡുമൊക്കെ പറയുന്നു. അതും പോര രാജ്ഞി തമ്പുരാട്ടിമാരെ ക്ഷണിച്ചു വരുത്തി ആദരിക്കാന്‍ പുരോഗമന വാദികള്‍ മത്സരിക്കുന്നു. പുരോഗമന കലാ സാഹിത്യ സംഘം അതിന് ന്യായീകരണ ക്യാപ്‌സൂള്‍ ചമക്കുന്നു. കേരളീയം എന്ന് കൊട്ടിഘോഷിക്കപ്പെട്ട സര്‍ക്കാര്‍ വിലാസം സാംസ്‌കാരിക പരിപാടിയിലെ ഹ്യൂമന്‍ മ്യൂസിയത്തില്‍ ആദിവാസി കെട്ടുകാഴ്ചപ്പണ്ടമാകുന്നു.

എന്നിട്ടും നാം പറയുന്നത് ഇത് നമ്പര്‍ വണ്‍ പുരോഗമന കേരളമാണ് എന്നാണ്. നരബലിയും ദുരഭിമാനക്കൊലയും മുടക്കമില്ലാതെ ”ഒറ്റപ്പെട്ട സംഭവങ്ങളായി സംഭവിക്കുന്ന” പുരോഗമന കേരളം. നമ്മള്‍ ജാതിയെ എന്നോ കുഴിച്ചുമൂടിയതല്ലേ? വിവേകാനന്ദന്റെ, അയ്യങ്കാളിയുടെ, ശ്രീനാരായണന്റെ കാലത്ത് തന്നെ നാം ജാതിയെ ഉന്മൂലനം ചെയ്തു കഴിഞ്ഞതല്ലേ? ഇന്നും ജാതിയേക്കുറിച്ച് സംസാരിക്കുന്നത് മോശമല്ലേ എന്ന് രാഹുല്‍ ഈശ്വര്‍മാര്‍ നമ്മോട് ചോദിക്കുന്നത് കേട്ടിട്ടില്ലേ?

ആധുനിക കേരളം നിര്‍മിച്ചത് രണ്ട് ശങ്കരന്‍മാരാണ് എന്ന് അവകാശവാദമുണ്ട്. ഒന്ന് ആദിശങ്കരന്‍, രണ്ടാമത്തേത് ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്. ഇവരാരും കേരളത്തിന് ഒരു സംഭാവനയും നല്‍കിയിട്ടില്ല എന്നല്ല പറഞ്ഞു വരുന്നത്. ധാരാളം നല്‍കിയിട്ടുണ്ടാവും. പക്ഷേ അപ്പോഴും പുലയനെ നോക്കി ബ്രാഹ്മണ്യം ചിരിക്കുക തന്നെയാണ്. ഭൂപരിഷ്‌കരണം നടപ്പായ കേരളത്തില്‍. ആദിവാസികള്‍ക്കും ദളിതനും ഒരു തുണ്ട് ഭൂമിക്ക് അവകാശമില്ലാത്ത കേരളത്തില്‍. ദളിതന്‍ 28000 പട്ടികജാതി കോളനികള്‍ക്കകത്ത് ഇപ്പോഴും ജീവിക്കേണ്ടി വരുന്ന കേരളത്തില്‍.

ഡോ.എം കുഞ്ഞാമന്‍ മരിച്ചു. അല്ല. സ്വയം തീരുമാനിച്ച് ജീവിതം ഉപേക്ഷിച്ചു. എന്തിനെന്ന് പുരോഗമന കേരളം അന്വേഷിക്കുമോ? ലോകമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായിത്തീരേണ്ട ഒരാള്‍, ആധുനിക കേരളവും ഭാരതവും നിര്‍മ്മിച്ചെടുക്കുന്നതില്‍ വലിയ തോതില്‍ പരിഗണിക്കപ്പെടേണ്ടിയിരുന്ന ഒരാള്‍, ഉന്നത പദവികളിലിരുത്തി രാജ്യവും സംസ്ഥാനവും ആദരിക്കേണ്ടിയിരുന്ന ഒരാള്‍ എങ്ങിനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്നറിയണമെങ്കില്‍; ചക്ക ചൂഴ്ന്ന് നോക്കുന്നത് പോലെ കേരളത്തെ ചൂഴ്ന്നു നോക്കണം. അവിടെ പുളിച്ചു നാറിയ ജാതി മണക്കും. കേരളവും കുല പുരുഷന്മാരുടേയും കുലസ്ത്രീകളുടേയും നാടുതന്നെയാണ് എന്ന് അപ്പോഴറിയും.
കേരളത്തിന് വിമോചനത്തിന്റെ വഴി തെളിയണമെങ്കില്‍ ഡോ.എം കുഞ്ഞാമന്റെ ആത്മകഥ ‘എതിര്’ വായിക്കണം. ആ ആത്മകഥയില്‍ നിന്ന് ഏതാനും വരികള്‍ ചുവടെ…

”ഇരുട്ടുനിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നല്‍കിയിരുന്ന സമുദായം. ജാതി പാണന്‍. അച്ഛന്‍ അയ്യപ്പന്‍, അമ്മ ചെറോണ. അവര്‍ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛന്‍ കന്നുപൂട്ടാന്‍ പോകും. കടുത്ത ദാരിദ്ര്യവും, അടിച്ചമര്‍ത്തപ്പെട്ട ജാതിയും. ഒന്നു മറ്റൊന്നിനെ ഊട്ടിവളര്‍ത്തി. മലബാറില്‍ പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശിയിലാണ് വീട്. വീടെന്ന് പറഞ്ഞുകൂടാ. ചാളയാണ്. ഒരു മണ്ണെണ്ണ വിളക്കുണ്ട്. ഞാന്‍ പുസ്തകം വായിക്കാന്‍ തുടങ്ങുമ്പോള്‍ വിളക്ക് അമ്മ അടുക്കളയിലേക്കു കൊണ്ടുപോകും. അപ്പോള്‍, എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാന്‍ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും. വയറുകാളാന്‍ തുടങ്ങുമ്പോള്‍ ജന്മിമാരുടെ വീടുകളിലേക്കുപോകും. അവിടെ കഞ്ഞി, പാത്രത്തില്‍ തരില്ല. മുറ്റത്തുപോലുമില്ല, തൊടിയില്‍ മണ്ണുകുഴിച്ച്, ഇലയിട്ട് ഒഴിച്ചുതരും. പതിനാലു വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടില്‍ കഞ്ഞിക്കുചെന്നത്. മണ്ണില്‍ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാന്‍ പറഞ്ഞു വീട്ടുകാര്‍. കുഴിയുടെ അടുത്തേക്കു കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആര്‍ത്തിയില്‍ എന്നെ കടിച്ചുമാറ്റി. തിരിഞ്ഞുനോക്കുമ്പോള്‍, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികള്‍ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവില്‍നിന്നു ചോര വന്നപ്പോള്‍ ദേഷ്യമല്ല തോന്നിയത്, എന്റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം.

ഞങ്ങളുടെ സമുദായത്തിന്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ വീട്ടില്‍ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോള്‍ വാഴയില മുറിച്ചുകൊടുക്കുന്നത് ഞങ്ങളാണ്. സദ്യകഴിഞ്ഞ എച്ചിലും ഞങ്ങളാണെടുക്കുക. ഞാനൊക്കെ എച്ചില്‍ വലിയ ആര്‍ത്തിയോടെയാണ് എടുക്കുക, കളയാനല്ല, കഴിക്കാന്‍. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ചില സഹപാഠികളുടെ വീട്ടില്‍ സദ്യയുണ്ടാകും. അവര്‍ കാണ്‍കെ എച്ചിലിനായി മത്സരിക്കുന്നതും അത് ആര്‍ത്തിയോടെ കഴിക്കുന്നതും അപകര്‍ഷതാബോധം ഉണ്ടാക്കിയിരുന്നു. എങ്കിലും എല്ലാ ലജ്ജകളെയും ശമിപ്പിക്കുന്നതായിരുന്നു വിശപ്പിന്റെ കാളല്‍. ആത്മാഭിമാനമല്ല, എന്തിനെയും ആ വേവല്‍ വെണ്ണീറാക്കുമായിരുന്നു.”-


വാടാനംകുറിശ്ശിയിലെ സ്‌കൂളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മവരുന്നത് അദ്ധ്യാപകരെയും ക്ലാസ്മുറികളെയുമല്ല, ലക്ഷ്മിയേടത്തിയെയാണ്. അവര്‍ ഉപ്പുമാവ് തന്നില്ലായിരുന്നുവെങ്കില്‍ എനിക്ക് ക്ലാസിലിരിക്കാന്‍ കഴിയുമായിരുന്നില്ല. എം എയ്ക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞു:  എടാ, എന്റെ ഉപ്പുമാവ് തിന്നു പഠിച്ചിട്ടാണ് നിനക്കു റാങ്ക് കിട്ടിയത്


 

”പുസ്തകവും സ്ലേറ്റും ഷര്‍ട്ടുമില്ലാതെ ഞാന്‍ സ്‌കൂളില്‍ പോയിരുന്നത് പഠിക്കാനല്ല, ഒരുമണിവരെ ഇരുന്നാല്‍ ചില ദിവസങ്ങളില്‍ ഉച്ചക്ക് കഞ്ഞി കിട്ടും. അത് കുടിക്കാനായിരുന്നു. സ്‌കൂളില്‍ പോകുമ്പോള്‍ ഒരു പിഞ്ഞാണം മാത്രമാണ് കൈയിലുണ്ടാകുക. അന്ന് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഉച്ചക്കഞ്ഞിയില്ല. നാട്ടിലെ ആരെങ്കിലും വിശേഷാവസരങ്ങളില്‍ സ്‌കൂളില്‍ കഞ്ഞി വിതരണം ചെയ്യും. ഞങ്ങള്‍ അതും കാത്തിരിക്കും. കഞ്ഞിയില്ലാത്ത ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഏട്ടന്‍ മാങ്ങ അരിഞ്ഞുകൊണ്ടുവരും. അത് തിന്ന് പച്ചവെള്ളവും കുടിച്ച് ക്ലാസില്‍ പോയിരിക്കും. എല്‍ പി വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് സര്‍ക്കാര്‍ വക ഉപ്പുമാവുണ്ട്. ഉപ്പുമാവുണ്ടാക്കുന്നത് ലക്ഷ്മിയേടത്തിയാണ്. അവര്‍ ഒരു കടലാസുകഷണത്തില്‍ ഉപ്പുമാവ് പൊതിഞ്ഞ് ഇറയത്ത് എനിക്കായി ഒളിച്ചുവെക്കും. ഞാനത് എടുത്തുകൊണ്ടുപോയി മൂത്രപ്പുരയിലിരുന്ന് കഴിക്കും. കാരണം, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഞാന്‍ ഉപ്പുമാവ് കഴിക്കുന്നത് ആരെങ്കിലും കണ്ടാല്‍, ലക്ഷ്മിയേടത്തിയുടെ പണി പോകും. വാടാനംകുറിശ്ശിയിലെ സ്‌കൂളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മവരുന്നത് അദ്ധ്യാപകരെയും ക്ലാസ്മുറികളെയുമല്ല, ലക്ഷ്മിയേടത്തിയെയാണ്. അവര്‍ ഉപ്പുമാവ് തന്നില്ലായിരുന്നുവെങ്കില്‍ എനിക്ക് ക്ലാസിലിരിക്കാന്‍ കഴിയുമായിരുന്നില്ല. എം എയ്ക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞു:’എടാ, എന്റെ ഉപ്പുമാവ് തിന്നു പഠിച്ചിട്ടാണ് നിനക്കു റാങ്ക് കിട്ടിയത്’.
അതൊരു വലിയ യാഥാര്‍ത്ഥ്യമായിരുന്നു. ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും പ്രധാന പ്രശ്നം.
നിരക്ഷരരായ, പട്ടിണി കിടക്കുന്ന അയ്യപ്പനും ചെറോണയും മകനെ സ്‌കൂളിലേക്കയച്ചത് ഭക്ഷണത്തിനുവേണ്ടിയായിരുന്നു. എനിക്കും അന്ന് ഭക്ഷണം തന്നെയായിരുന്നു വലിയ പ്രശ്നം.
മറ്റൊരു ദേശത്തുനിന്ന് സ്ഥലം മാറിവന്ന മലയാളം അദ്ധ്യാപകനുണ്ടായിരുന്നു, ഞങ്ങളുടെ ദേശത്ത്. അദ്ദേഹത്തിന്റെ മക്കളും എന്റെ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അവര്‍ കഴിച്ച ഭക്ഷണത്തില്‍ ബാക്കിവന്നതില്‍ കുറച്ചുവെള്ളമൊഴിച്ച് അദ്ദേഹത്തിന്റെ ഭാര്യ എനിക്കുതന്നു. അതിന് സ്‌കൂളില്‍വച്ച് ഈ അദ്ധ്യാപകന്‍ എന്നെ ഭീകരമായി മര്‍ദ്ദിച്ചു. ഒരു കാരണവും പറഞ്ഞില്ല. ഞാന്‍ പിന്നെ ആ വീട്ടില്‍ പോയിട്ടില്ല. എന്തിനാണ് എന്നെ മര്‍ദ്ദിക്കുന്നതെന്നോ അവര്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി തരുന്നതെന്തിനെന്നോ ചിന്തിക്കാനുള്ള ശേഷി അന്ന് എനിക്കുണ്ടായിരുന്നില്ല.

കുട്ടികള്‍ക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അദ്ധ്യാപകനുണ്ടായിരുന്നു, മൂന്നാം ക്ലാസില്‍. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണന്‍ എന്നാണ് വിളിക്കുക. ബോര്‍ഡില്‍ കണക്ക് എഴുതി ‘പാണന്‍ പറയെടാ’ എന്നു പറയും. സഹികെട്ട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു:’സാര്‍ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്നു വിളിക്കണം’. ‘എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാല്‍’ എന്നുചോദിച്ച് ചെവിട്ടത്ത് ആഞ്ഞടിച്ചു. അയാള്‍ നാട്ടിലെ പ്രമാണിയാണ്. എവിടെടാ പുസ്തകം എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം. അടിയേറ്റ് വീങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞു, അവര്‍ പറഞ്ഞു:’നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല മോനേ, നന്നായി വായിച്ച് പഠിക്കൂ’.അന്ന് ഞാന്‍ സ്‌കൂളിലെ കഞ്ഞികുടി നിര്‍ത്തി. ഉച്ചഭക്ഷണസമയത്ത് ഒരു പ്ലാവിന്റെ ചോട്ടില്‍ പോയിരിക്കും. എന്നെ മര്‍ദ്ദിച്ച മാഷ് ഒരു ദിവസം അടുത്തുവന്നു: ‘കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക്’. അന്നാണ് അദ്ദേഹം ആദ്യമായി എന്നെ പേര് വിളിക്കുന്നത്. ‘വേണ്ട സര്‍’.’ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ടാണോ?’സര്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല, കഞ്ഞി കുടിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നിരുന്നത് പക്ഷേ, ഇനി എനിക്കു കഞ്ഞി വേണ്ട, എനിക്കു പഠിക്കണം’.ആ അദ്ധ്യാപകന്റെ മര്‍ദ്ദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം, കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി. തുടര്‍ച്ചയായി വായനതുടങ്ങി. വാടാനംകുറിശ്ശിയിലെ വായനശാലയില്‍നിന്ന് പുസ്തകം എടുത്തുവായിക്കും.”മുടക്കുമുതല്‍ 37 പൈസ”

ഞങ്ങളുടെ ജന്മിക്ക് പത്തു മക്കളാണ്. രണ്ടുപേര്‍ അദ്ധ്യാപകരാണ്. ഒരാള്‍ വേണുമാഷ്, എന്റെ അദ്ധ്യാപകന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍, ലംപ്സംഗ്രാന്റ് അച്ഛന്‍ ഒപ്പിട്ടുവാങ്ങി; 40 രൂപ. അത് വേണുമാഷ് അച്ഛന്റെ കൈയില്‍നിന്ന് വാങ്ങി കീശയിലിട്ട് പറഞ്ഞു:’നിന്റെ കൈയില്‍ വച്ചാല്‍ ഇതുകൊണ്ട് അരി വാങ്ങും. ഇത് ഇവനെ അടുത്ത കൊല്ലം കോളേജില്‍ അയയ്ക്കാനുള്ളതാണ്’. കോളേജ് എന്ന വാക്ക് എന്റെ മനസ്സില്‍ ആദ്യമായി വരികയാണ്. ഞാന്‍ മാഷോടു ചോദിച്ചു: ‘എനിക്കൊക്കെ കോളേജില്‍ പോകാന്‍ പറ്റുമോ?’ ‘പറ്റും, നിനക്ക് പറ്റും, നീ ഉയരേണ്ടവനാണ്.’ അദ്ദേഹം പറഞ്ഞു. എനിക്കും കോളേജില്‍ പഠിക്കാന്‍ പറ്റും എന്ന അറിവ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. എന്റെ സമുദായക്കാര്‍ പണിക്കുപോയാല്‍ ദിവസം ഏഴും എട്ടും രൂപ കിട്ടും. അവര്‍ എന്നോടു ചോദിക്കും: ‘കോളേജില്‍ പോയാല്‍ നിനക്ക് എത്ര രൂപ കിട്ടും?’മാസം ഏഴര രൂപ’.’എന്തിനാണ് കോളേജില്‍ പോകുന്നത്, ഇവിടെ പണിയെടുത്താല്‍ ഇതിലും കൂടുതല്‍ കിട്ടില്ലേ’ എന്നാകും അവര്‍. ഞങ്ങളുടെ ദേശത്ത് ദലിത് വിഭാഗത്തില്‍നിന്ന് ആദ്യമായി ഞാനാണ് എസ് എസ് എല്‍ സി പാസായത്, വാടാനംകുറിശ്ശി സ്‌കൂളില്‍നിന്ന്, നല്ല മാര്‍ക്കോടെതന്നെ. ബുദ്ധിശക്തികൊണ്ടാണ് എനിക്ക് കോളേജില്‍ പോകാന്‍ കഴിഞ്ഞത് എന്നുപറയാന്‍ കഴിയില്ല. പകരം, ഞാന്‍ ഒരു കഴുതയെപ്പോലെ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു.

അന്ന് ഷൊര്‍ണ്ണൂര്‍ ടൗണില്‍ ചാത്തു എന്നൊരാളുണ്ട്. റെയില്‍വേയിലാണ്. വീടിനടുത്തുള്ള ഒരു ചായക്കടക്കാരന്‍ പറഞ്ഞു ചാത്തുവിനെ കണ്ടാല്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ ചേരാനുള്ള കാര്യം ശരിയാക്കി തരും എന്ന്. ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു.’സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കൊടുത്തുപൊയ്ക്കോ, അഡ്മിഷന്‍ ശരിയാക്കിത്തരാം’ എന്ന് ചാത്തു പറഞ്ഞു. ജന്മിയുടെ മകനായ എന്റെ അദ്ധ്യാപകന്‍ അച്ഛന്റെ കൈയില്‍നിന്ന് ലംപ്സംഗ്രാന്റ് വാങ്ങിവച്ചിരുന്നുവല്ലോ. അച്ഛന്‍ പലതവണയായി അത് തിരിച്ചുവാങ്ങിയിരുന്നു. രണ്ടുരൂപ തന്നിട്ട് അദ്ദേഹം പറഞ്ഞു:
‘നീ നന്നായി വാ’.1967-ലെ കര്‍ക്കിടകം. കോളേജില്‍ ചേരാന്‍ പോകുന്നതിനുമുമ്പ് അച്ഛനോട് യാത്ര പറയാന്‍ ചെന്നു. പാടത്ത് കന്നുപൂട്ടുകയായിരുന്നു അദ്ദേഹം: ‘കഴുക്കോലിന്റെ വടക്കേപടിഞ്ഞാറുഭാഗത്ത് ഒരു പൊതിയുണ്ട്, അതെടുത്തോ’ എന്നു പറഞ്ഞു അച്ഛന്‍. മുപ്പത്തേഴു പൈസയുണ്ടായിരുന്നു അതില്‍. അതാണ് ജീവിതത്തിലെ എന്റെ മുടക്കുമുതല്‍’.

Comments
error: Content is protected !!