സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് 201 കോടി രൂപ നഷ്ടമായത്. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് നഷ്ടമായ 74 കോടി രൂപയും ഉൾപ്പെടെയാണിത്. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബര്‍ വിഭാഗം ബ്ലോക്ക് ചെയ്തു.
നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിക്കാന്‍ സാധിച്ചു. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങള്‍ വഴിയാണ് നിക്ഷേപത്തട്ടിപ്പുകള്‍ക്ക് തുടക്കമിടുന്നത്. ഇത്തരം പോസ്റ്റില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടുന്നവരെ തട്ടിപ്പുകാര്‍ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളാക്കുന്നു. തുടര്‍ന്ന് കൃത്രിമമായി നിര്‍മ്മിച്ച വെബ്സൈറ്റ് മുഖേന നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു.
ആദ്യഘട്ടത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് അമിതലാഭം നല്‍കുന്നതോടെ പരാതിക്കാര്‍ക്ക് തട്ടിപ്പുകാരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാകുകയും വന്‍തുക നിക്ഷേപമായി നല്‍കാന്‍ തയ്യാറാകുകയും ചെയ്യുന്നു. അതേസമയം നിക്ഷേപകര്‍ എന്ന വ്യാജേന തട്ടിപ്പുകാരുടെ സഹായികള്‍ തങ്ങള്‍ക്ക് വന്‍ തുക ലാഭം കിട്ടിയെന്ന് കാണിക്കുന്ന തരത്തിലുള്ള സ്ക്രീന്‍ ഷോട്ടുകളും മറ്റും ടെലിഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നു. ഇതോടെ വന്‍തുക നിക്ഷേപമായി നല്‍കാന്‍ ഇരകള്‍ തയ്യാറാകുന്നു.