KERALA

ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഭിന്നശേഷിക്കാരനായ വയോധികന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തുടര്‍നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍ (77) ആണു വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ചത്. പാപ്പച്ചന്റെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മരണത്തിനു സര്‍ക്കാരാണ് ഉത്തരവാദികളെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് സിപിഎമ്മും ആരോപിച്ചു.

പതിനഞ്ചു ദിവസത്തിനകം പെന്‍ഷന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പെരുവണ്ണാമൂഴി പോലീസിനും പാപ്പച്ചന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍തലത്തില്‍ പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടിയൊന്നും ഉണ്ടായില്ല.

മാസം തോറും നല്‍കുന്ന വികലാംഗ പെന്‍ഷനെ ആശ്രയിച്ചാണ് പാപ്പച്ചനും 47 വയസുള്ള കിടപ്പുരോഗിയായ മകളും ജീവിക്കുന്നത്. മറ്റു രണ്ടു പെണ്‍മക്കള്‍ വിവാഹിതരാണ്. കഴിഞ്ഞ അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. മരുന്നു വാങ്ങുന്നതിനടക്കം സാമ്പത്തിക പ്രയാസം നേരിട്ടിരുന്നു.

ഗതിയില്ലാതായപ്പോള്‍ മകളെ കോഴിക്കോട്ടെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു നാട്ടുകാരാണ് തൂങ്ങിമരിച്ച നിലയില്‍ പാപ്പച്ചനെ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പ് ഭാര്യ മരിച്ചിരുന്നു.

വടിയും കുത്തിപ്പിടിച്ചാണു പാപ്പച്ചന്‍ പഞ്ചായത്ത് ഓഫീസിലും പോലീസ് സ്റ്റേഷനിലും കയറിയിറങ്ങിയിരുന്നത്. പല തവണ ഇതിനായി പഞ്ചായത്ത് ഓഫീസില്‍ പോയിരുന്നു. പലരില്‍നിന്നു കടം വാങ്ങിയാണ് ഇദ്ദേഹം ജീവിച്ചിരുന്നത്.

”മൂത്ത മകള്‍ ജിന്‍സി (47) കിടപ്പുരോഗിയാണ്. സഹായത്തിന് ആരുമില്ല. വടിയുടെ സഹായത്തോടെയാണു ഞാന്‍ നടക്കുന്നത്. ഞങ്ങള്‍ ജീവിക്കുന്നത് പഞ്ചായത്തില്‍നിന്നു ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍കൊണ്ടാണ്. പെന്‍ഷന്‍ ലഭിച്ചിട്ടു മാസങ്ങളായി. പലരോടും കടം വാങ്ങിയാണു ജീവിക്കുന്നത്. കടം വാങ്ങി മടുത്തു.

അതുകൊണ്ട് പതിനഞ്ചു ദിവസത്തിനകം എന്റെയും മകളുടെയും മുടങ്ങിയ പെന്‍ഷന്‍ അനുവദിക്കണം. ഇല്ലെങ്കില്‍ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാന്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നു”- ഇതാണ് നവംബര്‍ ഒമ്പതിന് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു. ജനമൈത്രി പോലീസ് കൗണ്‍സലിംഗ് നടത്തി മടങ്ങുകയും ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button