മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തടവുകാര്‍ കുളിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. പിന്നീട് മൂന്നുതവണകൂടി ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്.
തടവുകാര്‍ തമ്മിലുള്ള മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനി തവനൂര്‍ ജയിലിലാണ് കഴിയുന്നത്. വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍നിന്ന് ഈയിടെയാണ് സുനിയെ തവനൂരിലേക്ക് മാറ്റിയത്. വിയ്യൂരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു മാറ്റം. അന്ന് സുനിക്കൊപ്പം തവനൂരില്‍ എത്തിയവരില്‍ രണ്ടുപേര്‍ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തവനൂര്‍ ജയിലില്‍ നേരത്തെയും തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
മറ്റു ജയിലുകളിലില്‍നിന്ന് ഇവിടേയ്ക്കു മാറ്റിയ പ്രശ്നക്കാരായ തടവുകാരും ഇവിടെയുള്ള തടവുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പത്തോളംപേരാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. ഇവര്‍ക്കിടയിലെ കുടിപ്പകയാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ജയില്‍ ജീവനക്കാര്‍ വളരെ പ്രയാസപ്പെട്ടാണ് തടവുകാരെ പിടിച്ചുമാറ്റിയത്.
ജയിലില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നതിനു തിരിച്ചടിയാണ്. 92 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ വേണ്ടിടത്ത് 27 പേരാണുള്ളത്. അഞ്ഞൂറിലധികം തടവുകാരാണ് ഈ ജയിലിലുള്ളത്.