കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ കുടിശ്ശിക ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയിലേക്ക്
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയിലേക്ക്. സര്‍ക്കാരിന്റെ സൗജന്യ ചികിത്സ പദ്ധതിയായ കാരുണ്യ പദ്ധതിയില്‍ കുടിശ്ശിക 900 കോടി രൂപയ്ക്ക് മുകളിലാണ്. പല സ്വകാര്യ ആശുപത്രികളും പദ്ധതിയില്‍ നിന്ന് പൂര്‍ണമായി പിന്മാറി. കുടിശ്ശിക ഉള്ളതിനാല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികള്‍ക്കുള്ള മരുന്നും ഇമ്പ്‌ലാന്റുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ കിട്ടാത്ത അവസ്ഥയാണ്.
സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമല്ലാത്തതോ, കൂടുതല്‍ നാള്‍ കാത്തിരിപ്പ് ആവശ്യമായ ചികിത്സകള്‍ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന രോഗികള്‍ക്കും ഇത് തിരിച്ചടിയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ല. പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് മരുന്നും ഇമ്പ്‌ലാന്റ് കളും ഒക്കെ വാങ്ങുന്നത് സ്വകാര്യ ഫാര്‍മസിയിലും കാരുണ്യ ഫാര്‍മസിയില്‍ നിന്നുമാണ്. വിതരണക്കാര്‍ക്ക് കോടികള്‍ കുടിശിക ആയതോടെ ഇപ്പോള്‍ അതും നിലച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഒരു വര്‍ഷം നല്‍കുന്നത്.
64 ലക്ഷം പേരാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് ചികിത്സ നല്‍കിയ വകയിലാണ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്ക് കോടികള്‍ കുടിശ്ശികയായി നല്‍കാനുള്ളത്. സ്വകാര്യ ആശുപത്രികള്‍ പലതും പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്മാറി. ചില സ്വകാര്യ ആശുപത്രികള്‍ കരാര്‍ അവസാനിക്കുന്ന മാര്‍ച്ച് വരെ തുടരും. ഇതിനിടയിലാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയിലേക്ക് പോകുന്നത്. കുടിശ്ശിക എത്രയും വേഗം അനുവദിക്കാന്‍ ഇടപെടണമെന്നാണ് ആവശ്യം. 400 കോടി രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് മാത്രം നല്‍കാന്‍ ഉള്ളത്.