കണ്ണൂര്‍: മലയാളം ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദിനെ കണ്ണൂരില്‍ നിന്നും എന്‍ ഐ എ ആണ് പിടികൂടിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് പിടിയിലായ സവാദിനെ ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയില്‍ എൻ ഐ എ കോടതിയിൽ ഹാജരാക്കും. കേസില്‍ 13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ സവാദിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു എന്‍ ഐ എ.
തൊടുപുഴ ന്യൂമാൻസ് കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതിയായിരുന്ന സവാദിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കേരളാപോലീസും എന്‍ഐഎയും. കേസില്‍ ഒട്ടേറെ പ്രതികളെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്ത ശേഷമാണ് സവാദ് പിടിയിലാകുന്നത്. സവാദിനെ കിട്ടാത്ത സാഹചര്യത്തില്‍ ഇയാള്‍ക്കായി പലപ്പോഴായി ലുക്കൗട്ട് നോട്ടീസും ലക്ഷങ്ങള്‍ ഇനാമും പ്രഖ്യാപിച്ചിരുന്നു.
കണ്ണൂരില്‍ നിന്നും പിടിയിലായ പ്രതിയെ ഇന്ന് വൈകിട്ട് കൊച്ചിയിൽ എത്തിക്കും. രാജ്യത്തിനകത്തും പുറത്തുമായി ദേശീയ കുറ്റാന്വേഷണ വിഭാഗങ്ങൾ വര്‍ഷങ്ങളായി സവാദിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു എന്‍ഐഎയുടെ നീക്കങ്ങൾ. കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
2010 ലായിരുന്നു ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവം ഉണ്ടായത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും മൂന്നുവർഷം വീതം തടവിനും വിധിച്ചിരുന്നു. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.