LATESTMAIN HEADLINESUncategorized

PSC ലിസ്റ്റുകൾ പരിഷ്ക്കരിക്കുന്നു. റാങ്ക് ലിസ്റ്റുകൾ ഒഴിവുകൾക്ക് ആനുപാതികമാക്കും

പി.എസ്‌.സി റാങ്ക് ലിസ്റ്റുകളിൽ ഒഴിവുകൾക്ക് ആനുപാതികമായി മാത്രം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കുന്ന രീതി വരുന്നു. ലിസ്റ്റുകളിൽ അവ നിലനിൽക്കുന്ന കാലത്തേക്ക് വരുന്ന ഒഴുവുകൾ കണക്കാക്കി ഉദ്യോഗാർഥികളെ ഉൾകൊള്ളിക്കുന്ന മാതൃകയാണിത്. പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെയധികം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നതാണ് ഇപ്പോഴത്തെ രീതി. “ചില ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും ഈ മാതൃക വഴിവെക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന്” മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു.

പരിഷ്കാരങ്ങൾ സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എച്ച് സലാമിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്. നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങള്‍ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍ നിന്നും പിഎസ്‌സി നിയമന ശുപാര്‍ശകള്‍ നല്‍കിവരുന്നത്. സംവരണ വിഭാഗങ്ങളെ ആനുപാതികമായി ഉൾക്കൊള്ളിക്കാൻ ലിസ്റ്റുകളുടെ നീളം കൂട്ടേണ്ടി വരും.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാവുകയില്ല. റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് രീതി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ദുരന്തങ്ങളും പകർച്ച വ്യാധികളും ഉണ്ടാവുന്നതും നിയമനത്തെ ബാധിക്കാറുമുണ്ട്.

ലിസ്റ്റ് കാലാവധി നീട്ടിക്കാൻ വേണ്ടി സംഘടതി ശ്രമങ്ങൾ നടക്കാറുണ്ട്. ഇതിൽ പലപ്പോഴും ഭരണത്തിന് പുറത്തിരിക്കുന്ന മുന്നണികൾ രാഷ്ട്രീയ താത്പര്യങ്ങൾ മുൻ നിർത്തി നിലപാടുകൾ സ്വീകരിക്കുന്നതും പതിവാണ്. ആഗസ്ത് എട്ടിന് അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റുകളിൽ ട്രിബ്യൂണൽ വഴിയും കോടതി വഴിയും ഇതിനായി പോരാട്ടങ്ങളുണ്ടായി. പബ്ലീക് സർവ്വീസ് കമ്മീഷൻ്റെ നിലപാടകൾക്ക് വിരുദ്ധമായാണ് പലപ്പോഴും വ്യവഹാരങ്ങൾ ഉണ്ടാവുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാരിൻ്റെ പുതിയ നീക്കം എന്നാണ് കരുതുന്നത്.

പി.എസ്.സി പരീക്ഷകൾ എഴുതാൻ തയാറെടുക്കുന്നവർക്ക് ഇത് ആശ്വസകരമാവും. ലിസ്റ്റുകൾ ചുരുങ്ങുന്നത് വെറുതേയുള്ള കാത്തിരിപ്പിനും നിരാശയ്ക്കും പരിഹാരമാവുകയും ചെയ്യും. പക്ഷെ പരീക്ഷകളുടെ ഇടവേളകൾ ചുരുക്കകയും കൂടുതൽ മത്സരാവസരങ്ങൾ നൽകുകയും ചെയ്യേണ്ടി വരും. ഇപ്പോഴത്തെ അവസ്ഥയിൽ വർഷങ്ങളോളം കാത്തിരുന്നാണ് ഒരു പരീക്ഷയ്ക്ക് അവസരം ലഭിക്കുന്നത്.

പിഎസ്‌സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകള്‍, അതില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകള്‍, തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ / സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ഇവിടെയും ഉദ്യോഗാർഥികൾ നേരിടുന്ന വെല്ലുവിളി രാഷ്ട്രീയ താത്പര്യങ്ങളുടെ മറവിൽ നടക്കുന്ന പിൻ വാതിൽ നിയമനങ്ങളും കരാർവൽക്കരണവുമാണ്. ഒഴിവുകൾ പൂഴ്ത്തിവെച്ചാണ് ഓരോരോ രാഷ്ട്രീയ പാർട്ടികൾക്കും താത്പര്യമുളള വകുപ്പുകളിൽ ഇഷ്ട ജന നിയമനം സാധ്യമാക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button