KERALA
പുതുവത്സര ദിനത്തിൽ പി എസ് എൽ വിയുടെ എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു
![](https://calicutpost.com/wp-content/uploads/2024/01/2.jpg)
തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് PSLV C-58 ആണ് ഉപഗ്രഹവുമായി കുതിച്ചുയർന്നത്. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്.
തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്.2021 ൽ നാസ എക്സ്–റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു.
പത്തു ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിച്ചത്. അഞ്ചു വർഷം നീളുന്നതാണ് എക്സ്പോസാറ്റ് ദൗത്യം.
![](https://calicutpost.com/wp-content/uploads/2023/12/WhatsApp-Image-2023-12-27-at-10.35.14-AM-1-650x201-1.jpeg)
Comments