വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു: സസ്പെന്‍ഷനിലുള്ള ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജയ് സിങ്ങിനെതിരെ സാക്ഷി മാലിക്
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷനെതിരെ വീണ്ടും സാക്ഷി മാലിക് രംഗത്ത്. സസ്പെന്‍ഷനിലുള്ള ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് അനധികൃതമായി ഗുസ്തി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുകയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തുകയും ചെയ്യുന്നതായി ഇന്ത്യന്‍ ഗുസ്തി താരം സാക്ഷി മാലിക്. വനിത താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമുയര്‍ന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ്ഭൂഷന്റെ വലംകൈയും സസ്പെന്‍ഷനിലുള്ള പുതിയ പ്രസിഡന്റുമായ സഞ്ജയ് സിങ്ങിനെതിരെയാണ് ആരോപണം. സസ്പെന്‍ഷനിലുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഗുസ്തി ഫെഡറേഷന്റെ ഫണ്ട് ദുരുപയോഗം ചെയ്യാന്‍ കഴിയുന്നതെന്ന് സാക്ഷി മാലിക് കായിക മന്ത്രാലയത്തോട് ചോദിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കായിക താരങ്ങളെ കുരുക്കിലാക്കുമെന്നും അവര്‍ സമൂഹ മാധ്യമമായ എക്സില്‍ ചൂണ്ടിക്കാട്ടി.
‘ബ്രിജ് ഭൂഷന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിച്ചിരുന്നു. എന്നിട്ടും സഞ്ജയ് സിങ് ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് നടത്തുകയും താരങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തുകയും ചെയ്യുന്നു, ഇത് നിയമവിരുദ്ധമാണ്. കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ജയ്പൂരില്‍ നടക്കാനിരിക്കെ, ഗുസ്തിയിലെ ആധിപത്യം തെളിയിക്കാന്‍ സഞ്ജയ് സിങ് വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ നിയമവിരുദ്ധമായി ഒപ്പിടുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. സംഘടനയുടെ സസ്പെന്‍ഷനിലായ ഒരാള്‍ക്ക് എങ്ങനെ സംഘടനയുടെ പണം ദുരുപയോഗം ചെയ്യാന്‍ കഴിയും’ -സഞ്ജയ് സിങ് ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകളിലൊന്നിന്റെ ചിത്രം പങ്കുവെച്ച് സാക്ഷി ചോദിച്ചു.
നാളെ ഈ സര്‍ട്ടിഫിക്കറ്റുകളുമായി ജോലി നോക്കുമ്പോള്‍ കുറ്റക്കാരല്ലാഞ്ഞിട്ടും പാവം താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയ സാക്ഷി വിഷയത്തില്‍ ഇടപെടണമെന്ന് കായിക മന്ത്രി അനുരാഗ് താക്കൂറിനോട് ആവശ്യപ്പെടുകയും ചെയ്തു. ‘വിലക്കേര്‍പ്പെടുത്തിയിട്ടും ഇപ്പോഴും ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന സഞ്ജയ് സിങ്ങിനെതിരെ ഉടന്‍ നടപടിയെടുക്കണം. കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഈ വിഷയം പരിശോധിച്ച് കളിക്കാരുടെ ഭാവി നശിപ്പിക്കപ്പെടാതെ രക്ഷിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു’ -സാക്ഷി കുറിച്ചു.
ബ്രിജ്ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം ജന്തര്‍ മന്ദറില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. പുതിയ പ്രസിഡന്റായി ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിന് പിന്നാലെ സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചു. പ്രധാന പുരസ്‌കാരങ്ങളടക്കം തിരിച്ചുനല്‍കിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര കായികമന്ത്രാലയം പുതിയ ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിരുന്നു.