കേരള വർമ്മ കോളേജ് യൂണിയൻ ചെയർമാൻ; റീ കൗണ്ടിങ്ങിൽ എസ് എഫ് ഐക്ക് മൂന്ന് വോട്ടിൻ്റെ ജയം

എസ്എഫ്ഐ സ്ഥാനാർത്ഥി കെഎസ് അനിരുദ്ധൻ തൃശൂര്‍ കേരള വര്‍മ്മ കോളേജ് യൂണിയന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ആരംഭിച്ച റീ കൗണ്ടിങ്ങില്‍ മൂന്ന് വോട്ടിനാണ് അനിരുദ്ധൻ വിജയം നേടിയത്. കെഎസ് അനിരുദ്ധന് 892 വോട്ടും കെ എസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടന് 889 വോട്ട് ലഭിച്ചു.
ചെയർമാൻ സ്ഥാനത്തേക്ക് ഒരു വോട്ടിന് താൻ ജയിച്ചിട്ടും കോളേജ് അധികൃതർ റീ കൗണ്ടിങ് നടത്തി എസ്എഫ്ഐ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധിനെ 10 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നാണ് കെ എസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ പരാതി. ആദ്യം എണ്ണിയപ്പോൾ അസാധുവായി പ്രഖ്യാപിച്ച പിന്നീട് വോട്ടുകൾ സാധുവായി മാറുകയും ചെയ്തുവെന്നാണ് ഹർജിക്കാരൻ്റെ ആരോപണം.
അസാധുവായ വോട്ടുകൾ റീകൗണ്ടിങ്ങിൽ സാധുവായത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. റീ കൗണ്ടിങ് റിട്ടേണിങ് ഓഫീസർക്കുതന്നെ തീരുമാനിക്കാമെന്നിരിക്കെ കോർ കമ്മിറ്റിയുണ്ടാക്കിയത് എന്തിനെന്നും ജസ്റ്റിസ് ടി ആർ രവി ചോദിച്ചു.
വീണ്ടും എണ്ണിയത് കോളേജ് മാനേജരായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത്തരം ബാഹ്യ ഇടപെടൽ അനുവദനീയമല്ലെന്നും ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ വിശദീകരിച്ചു. കോർ കമ്മിറ്റി അംഗങ്ങളല്ലാത്ത പ്രിൻസിപ്പലിനും മറ്റൊരാൾക്കും എങ്ങനെയാണ് കമ്മിറ്റി തീരുമാനത്തിൽ ഒപ്പിടാനാവുകയെന്നും കോടതി ആരാഞ്ഞു. പിന്നാലെ ചെയർമാൻസ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ വീണ്ടും നടത്താൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.