കലക്ടറുടെ യോഗം പകർത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ട എം എല്‍ എയുടെ നിലപാടില്‍ പ്രതിഷേധം

കൊയിലാണ്ടി: ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി നന്തിയില്‍ വഗാഡ് കരാര്‍ കമ്പനി സ്ഥാപിച്ച ലേബര്‍ ക്യാമ്പിനെതിരായ ജനകീയ സമരം ഒത്തു തീര്‍പ്പാക്കാന്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ട കാനത്തില്‍ ജമീല എം എല്‍ എയുടെ നടപടിയില്‍ മാധ്യമ പ്രവര്‍ത്തകരില്‍ വ്യാപകമായ പ്രതിഷേധം. ജനകീയ പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കിയാല്‍,ഇത്തരം പ്രശ്‌നങ്ങള്‍ മറ്റിടങ്ങലിലും ഉടലെടുക്കുമെന്ന് പറഞ്ഞാണ് ഫോട്ടോയെടുക്കുന്നത് എം എല്‍ എ തടഞ്ഞത്. എന്നാല്‍ യോഗം നിയന്ത്രിച്ച കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ഫോട്ടോയെടുക്കുന്നത് വിലക്കുകയോ മാധ്യമ പ്രവര്‍ത്തകരോട് ഇറങ്ങിപോകാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല.

ലേബര്‍ ക്യാമ്പിനെതിരെ പരിസര വാസികള്‍ സമരത്തിലാണ്. ലേബര്‍ ക്യാമ്പില്‍ നിന്നുളള കക്കൂസ് മാലിന്യം കലര്‍ന്ന വെളളം ഒലിച്ചിറങ്ങി സമീപത്തെ 20 വീടുകളിലെ കിണര്‍ വെളളമാണ് മലിനപ്പെട്ടത്. തുടക്കത്തില്‍ നാല് വീട്ടുകാര്‍ക്കായിരുന്നു പ്രശ്‌നം. പിന്നീട് മറ്റ് കിണറുകളിലേക്കും മലിന ജലം ഒഴുകിയെത്തി. തുടക്കത്തില്‍ ജനകീയ സമിതി നടത്തിയ സമരം പിന്നീട് സി പി എം ലോക്കല്‍ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. ലോക്കല്‍ സെക്രട്ടറി കെ വിജയരാഘവനാണ് സമരം ഉദ്ഘാടനം ചെയ്തത്. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍,വൈസ് പ്രസിഡന്റ് ഷീജ പട്ടേരി,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ ജീവാനന്ദന്‍,സി പി എം പയ്യോളി ഏരിയാ സെക്രട്ടറി എന്‍ പി ഷിബു തുടങ്ങിയവരെല്ലാം സമരത്തിനുണ്ടായിരുന്നു. സമരത്തിന്‍റെ വാര്‍ത്തയും ചിത്രവും കലിക്കറ്റ് പോസ്റ്റ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

സമരം നീണ്ടു പോയാല്‍ ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാന്‍ ഇടയുണ്ടെന്ന കാര്യം ദേശീയപാത അതോറിറ്റി അധികൃതര്‍ പഞ്ചായത്ത് ഭാരവാഹികളെ അറിയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ എ ഡി എം, സി ബിജു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കലക്ടര്‍ നേരിട്ടെത്തി പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുത്തത്. ഒരു ജനകീയ പ്രശ്‌നമെന്ന നിലയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്. പ്രാദേശിക സി പി എം പ്രവർത്തകർ യോഗം നടക്കുന്ന വിവരം മാധ്യമ പ്രവർത്തകരെ വിളിച്ചറിയിക്കുകയായിരുന്നു. തങ്ങള്‍ക്ക് എതിരാവുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കാണരുതെന്ന വാശിയാണ് എം.എല്‍.എ ഇക്കാര്യത്തിൽ കാണിച്ചതെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എം എൽ എ യുടെ ഇടപെടലുകൾ നിത്യേന വാർത്തയാക്കുമ്പോൾ സന്തോഷിക്കുന്നവർ, വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ നെറ്റിചുളിക്കുന്നത് ജനാധിപത്യപരമായ നിലപാടല്ലെന്നും മാധ്യമ പ്രവർത്തകർക്ക് അഭിപ്രായമുണ്ട്.സംഭവത്തിൽ ഇന്ത്യൻ റിപ്പോർട്ടേഴ്സ് എൻ്റ് മീഡിയാ പേഴ്സൺസ് യൂണിയൻ കൊയിലാണ്ടി മേഖലാ കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു.

Comments

COMMENTS

error: Content is protected !!