മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയുന്നതിനായി കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയുന്നതിനായി കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്. മേഖലാ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കുമാണ് പോലീസ് മേധാവി നിർദ്ദേശം നൽകിയിരിക്കുന്നത്.
തുടർച്ചയായ പരിശോധനയും ബോധവത്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളുമായും മറ്റ് മാഫിയ സംഘങ്ങളുമായും ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കും. കൂടാതെ ഇവർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.
കുറ്റവാളികളെ കണ്ടെത്തി അതിക്രമങ്ങൾക്ക് തടയിടുന്നതിനായി ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾക്ക് ജില്ലോ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കുന്നതായിരിക്കും. ശരീരത്തിൽ ഘടിപ്പിച്ചും വാഹനങ്ങളിൽ സ്ഥാപിച്ചും പ്രവർത്തിപ്പിക്കാനാകുന്ന ക്യാമറകൾ ഉപയോഗിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.