ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും കേന്ദ്രവും രാജ് ഭവനും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും കേന്ദ്രവും രാജ്ഭവനും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയേക്കും.
കാറിന് മേല്‍ പ്രതിഷേധക്കാര്‍ ചാടി വീണ സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത് സംഭവിച്ചതെന്നും ഗവര്‍ണര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ഡല്‍ഹിയിലും സുരക്ഷ കൂട്ടും. അകമ്പടിയായി ഡല്‍ഹി പൊലീസിന്റെ രണ്ടംഗ കമാന്‍ഡോ സംഘത്തെയും ഉള്‍പ്പെടുത്തും.
രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവര്‍ണറുടെ യാത്രക്കിടെയായിരുന്നു ഇന്നലെ അസാധാരണവും നാടകീയവുമായ സംഭവങ്ങള്‍ ഉണ്ടായത്. പൊലീസ് സുരക്ഷയോടെയുള്ള ഗവര്‍ണറുടെ യാത്രക്കിടെ മൂന്നിടത്താണ് പ്രതിഷേധമുണ്ടായത്.


അതിനിടെ തന്നെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയാണെന്ന ഗവര്‍ണറുടെ ആരോപണം ഗുരുതര രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറെ ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്ന ഗവര്‍ണറുടെ ആരോപണം സൃഷ്ടിക്കുന്നത് ഗുരുതരമായ ഭരണഘടന പ്രതിസന്ധിയാണ്. ഈ ആരോപണം അദേഹം കടുപ്പിക്കുകയും ഡിജിപി അടക്കമുള്ളവരെ വിളിച്ചു വരുത്തുകയും ചെയ്താല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്ക്ക് തന്റെ സുരക്ഷാ വീഴ്ചക്ക് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയും. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് അത്യന്തികമായി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

Comments
error: Content is protected !!