കെ സ്മാര്‍ട്ട് പദ്ധതി കൊച്ചി ഗോകുലം കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന കെ സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കണ്‍വെന്‍ഷനില്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തുടക്കത്തില്‍ എട്ടിന സേവനങ്ങളാകും കെ സ്മാര്‍ട്ട് വഴി ജനങ്ങളിലേക്ക് എത്തുക. സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എത്തുന്ന ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കെ സ്മാര്‍ട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കെ- സ്മാര്‍ട്ട് ആപ്പിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷകളുടെയും പരാതികളുടെയും നിലവിലെ സ്ഥിതി വിവരങ്ങള്‍ അപേക്ഷകന് വാട്‌സ്ആപ്പ്, ഇ-മെയില്‍ എന്നിവയില്‍ കൂടി എളുപ്പത്തില്‍ ലഭ്യമാകുമെന്നതാണ് ആപ്പിന്റെ സവിശേഷത. തുടക്കത്തില്‍ ജനന-മരണ, വിവാഹ രജിസ്ട്രേഷന്‍, വ്യാപാര- വ്യവസായ ലൈസന്‍സ്, വസ്തു നികുതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ്, ഫിനാന്‍സ് മോഡ്യൂള്‍, കെട്ടിട നിര്‍മാണ അനുമതി, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളായിരിക്കും ലഭിക്കുക. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ- സ്മാര്‍ട്ട് ആപ് വികസിപ്പിച്ചത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇരിക്കുന്നവര്‍ ജനങ്ങളെ സേവിക്കാനാണ് അതിന് എന്തെങ്കിലും കൈപ്പറ്റാമെന്ന് ധരിക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ ഇനി ജനങ്ങളിലേക്കെത്തുന്ന തരത്തിലാണ് കെ- സ്മാര്‍ട്ട് ആപ്പിന്റെ പ്രവര്‍ത്തനം. ആദ്യം കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് കെ- സ് മാര്‍ട്ടിന്റെ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകള്‍ കൂടി കെ-സ്മാര്‍ട്ട് ആപ്പിന്റെ പരിധിയിലേക്കെത്തും.