സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി തിരുത്തല്‍ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി തിരുത്തല്‍ നിര്‍ദേശം നല്‍കി. 13 ഇനം സാധനങ്ങളുടെ സബ്സിഡി നിരക്ക് ഏകീകരിക്കണമെന്നാണ് നിര്‍ദേശം. മുപ്പത് ശതമാനം സബ്സിഡി ഉറപ്പാക്കി വില നിര്‍ണ്ണയിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന.

സപ്ലൈകോ സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ക്ക് ഇപ്പോള്‍ കടുത്ത ക്ഷാമം നേരിടുകയാണ്. വില കൂട്ടിയ ശേഷമേ ഇത് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകൂ. സാധനങ്ങളുടെ നിലവിലെ വിപണി വില കണക്കാക്കി മുപ്പത് ശതമാനം സബ്സിഡി നല്‍കാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. ഭക്ഷ്യവകുപ്പ്, ധനവകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ നിരക്കില്‍ ധാരണയാകും. അടുത്ത മന്ത്രിസഭാ യോഗം സാധനങ്ങളുടെ വിലവര്‍ധനയ്ക്ക് അംഗീകാരം നല്‍കും.

സപ്ലൈകോ വഴി വില്‍ക്കുന്ന 13ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഓരോ സാധനങ്ങള്‍ക്കും ഓരോ നിരക്കില്‍ സബ്സിഡി ഏര്‍പ്പെടുത്തി വില പരിഷ്കരിക്കാമെന്നായിരുന്നു ഭക്ഷ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം. എന്നാല്‍ സാധനങ്ങള്‍ക്കെല്ലാം ഒരേ നിരക്കില്‍ സബ്സിഡി നല്‍കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

Comments
error: Content is protected !!