കൊയിലാണ്ടി സ്കൂൾ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ പരാതി ഫയലിൽ സ്വീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്കൂൾ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി ജി വി എച്ച് എസിലെ പി ടി എ സപ്പോർട്ടിംഗ് ഗ്രൂപ്പിൻ്റെ സഹായത്തോടെ പി ടി എ പ്രസിഡണ്ട് വി സുചീന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പരാതി ഫയലിൽ സ്വീകരിച്ചു കൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് ,കോഴിക്കോട് ജില്ലാ കലക്ടർ, ജില്ലാ സ്പോർട്സ് കൗൺസിൽ, കൊയിലാണ്ടി നഗരസഭ എന്നിവർക്ക് നോട്ടീസയച്ചു.
നേരത്തെ കൊയിലാണ്ടി ഹൈസ്കൂൾ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും മനുഷ്യചങ്ങല തീർത്തിരുന്നു. തുടർന്ന് സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിപുലമായ യോഗം ചേർന്ന് ജനകീയ കമ്മിറ്റി രൂപീകരിക്കുകയും, അഡ്വ.സുനിൽ മോഹൻ, ചെയർമാനായും, യു കെ ചന്ദ്രൻ കൺവീനറായും മൈതാനം വിട്ടുകിട്ടാനായുള്ള പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.
1989 ലാണ് റവന്യൂ വകുപ്പ് സ്പോർട്സ് – കൗൺസിലിന് പാട്ടവ്യവസ്ഥയിൽ ഹൈസ്കൂൾ മൈതാനം കൈമാറുന്നത്. തുടർന്ന് സ്റ്റേഡിയം പണിയുകയും ചെയ്യുകയായിരുന്നു. ഇതോടൊപ്പം കടമുറികളാക്കി വൻതോതിൽ വരുമാനവും സ്പോർട്സ് കൗൺസിലിനു ലഭിക്കുകയും ചെയ്തെങ്കിലും, ഗ്രൗണ്ടിൽ കായിക താരങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറായില്ല. എന്നാൽ പാട്ടകാലാവധി കഴിഞ്ഞ മാസം 17 ന് അവസാനിച്ചതോടെയാണ് പ്രക്ഷോഭവുമായി നാട്ടുകാരും, പി ടിഎയും രംഗത്തിറങ്ങിയത്. കൊയിലാണ്ടിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖരും, വിവിധ അഭിഭാഷകരും മൈതാനം സ്കൂളിനു തിരിച്ചു കിട്ടാനുള്ള പ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്.