വയനാട് ബത്തേരി കൂടല്ലൂരിൽ മനുഷ്യനെ പിടിച്ച കടുവയ്ക്ക് വേണ്ടി വ്യാപക തെരച്ചിലുമായി വനംവകുപ്പ്
വയനാട് ബത്തേരി കൂടല്ലൂരിൽ മനുഷ്യനെ പിടിച്ച കടുവയ്ക്ക് വേണ്ടി വ്യാപക തെരച്ചിലുമായി വനംവകുപ്പ്. 20 അംഗ പ്രത്യേക ടീം സർവ സജ്ജ്‌മായി കാട്ടിലേക്ക് തിരിച്ചു. കടുവയെ കണ്ടെത്താനുള്ള വലിയ സന്നാഹമാണ് സ്ഥലത്ത് നടക്കുന്നത്. വേണ്ട നിർദേശങ്ങൾ നൽകുകൊണ്ട് വെറ്ററിനറി ടീമും കാട്ടിലേക്ക് പോയിട്ടുണ്ട്. മാരമല, ഒമ്പതേക്കർ , ഗാന്ധിനഗർ മേഖലയിൽ ആണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. ഇതിനിടെ, നാട്ടുകാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് അറിയിപ്പ് നൽകി. കടുവ നിലയുറപ്പിച്ച സ്ഥലം കണ്ടെത്തിയോയെന്ന സംശയവും ഇതോടെ ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
വയനാട് സൗത്ത് ഡി എഫ് ഒ ഷജ്ന കരീം, ഫോറസ്റ്റ് വെറ്റനറി ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസ് എന്നിവർ ഒമ്പതേക്കർ ഭാഗത്ത് ക്യാമ്പ് ചെയ്യുകയാണ്. ഇതിനിടെ, തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടിനിൽക്കുന്നതൊഴിവാക്കുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൂതാടി പഞ്ചായത്തിലെ 11 -ാം വാർഡായ മൂടക്കൊല്ലിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിൻെറ ജീപ്പിൽ പ്രത്യേക അനൌൺസ്മെൻറും നൽകുന്നുണ്ട്.
11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാകും ഇന്നത്തെ തെരച്ചിൽ. വനംവകുപ്പ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാൽ, പൊലീസ് സംരക്ഷണയിലാകും തെരച്ചിൽ. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്.