ഓയൂരിൽ നിന്നും ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
![](https://calicutpost.com/wp-content/uploads/2024/02/8-5.jpg)
കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ കുട്ടികളെ പ്രതികൾ തട്ടിക്കൊണ്ട് പോകാൻ ലക്ഷ്യമിട്ടിരുന്നു എന്നതുൾപ്പെടെ നിർണായക വിവരങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളത്. ആയിരം പേജുകളുള്ള കുറ്റപത്രത്തിൽ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മികൾ അനുപമ എന്നിവരാണ് പ്രതികൾ. വിശദമായ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു സംഭവം. സ്‌കൂൾവിട്ട് സഹോദരനൊപ്പം വരികയായിരുന്ന പെൺകുട്ടിയെ പ്രതികൾ ചേർന്ന് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഇതിന് ശേഷം കുട്ടിയുടെ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് ഇവർ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിനായിരുന്നു അന്വേഷണ ചുമതല. കൃത്യമായ ആസൂത്രണത്തിനൊടുവിൽ ആയിരുന്നു കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ട് പോയത് എന്ന് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നു. ആറ് വയസ്സുകാരിയ്ക്ക് പുറമേ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടിരുന്നു. ഇവരെവച്ച് വീട്ടുകാരിൽ നിന്നും പണം തട്ടുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം.
കുട്ടിയുമായി കടന്ന് കളയുന്നതിനായി വലിയ ആസൂത്രണമാണ് പ്രതികൾ നടത്തിയത്. സഞ്ചരിക്കേണ്ട റോഡുകളുടെ മാപ്പ് അടക്കം പ്രതികൾ തയ്യാറാക്കിയിരുന്നു. തട്ടിക്കൊണ്ട് പോയ ശേഷം എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നതിനെക്കുറിച്ചും പ്രതികൾക്ക് ധാരണയുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.