വെള്ളമുണ്ടയിൽ കരടിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം പുനരാരംഭിച്ചു
വയനാട്. വെള്ളമുണ്ടയിൽ കരടിയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉള്ള ദൗത്യം പുനരാരംഭിച്ചു. ഇന്നലെ രാത്രി കക്കടവ് മേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. രാത്രി ചേര്യംകൊല്ലി ചാമുണ്ടി ഭാഗത്തേക്ക് കരടി നീങ്ങിയതായി പറയുന്നുണ്ട്. കുറുവ ദ്വീപിനടുത്തുള്ള വനപ്രദേശത്തുനിന്നാണ് രണ്ടുദിവസം മുമ്പ് കരടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. മാനന്തവാടി നഗരസഭ , എടവക പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ കരടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിനുശേഷമാണ് വെള്ളമുണ്ട പഞ്ചായത്തിലേക്ക് കടന്നത്. കരിങ്ങാരി കക്കടവ് വയലിൽ കരടിയെ കണ്ടെങ്കിലും മയക്കുവെടിവയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കരടി പനമരം പഞ്ചായത്തിൽ എത്തി. ചേരിയം കൊല്ലിയിലും കാരക്കാമലയിലും അർധരാത്രി കരടിയെ കണ്ടു. കാരയ്ക്കാമല മാങ്കാണി തറവാട്ടിലെത്തിയ കരടി പഞ്ചസാര പാത്രം എടുത്തു കൊണ്ടുപോയി എന്നും പറയുന്നു.
രാത്രിയും പകലും നിര്‍ത്താതെ സഞ്ചരിക്കുന്നതാണ് കരടിയെ പിടികൂടുന്നതില്‍ വനംവകുപ്പിന് മുന്നിലുള്ള പ്രതിസന്ധി. വനം വകുപ്പ് മേഖലയില്‍ പട്രോളിങ് നടത്തുന്നുണ്ട്. ഡിഎഫ്ഒമാരായ മാര്‍ട്ടിന്‍ ലോവല്‍, ഷജിന കരീം എന്നിവരുടെ നേതൃത്വത്തിലാണ് കരടിയെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നത്.