വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി
പാലക്കാട്: വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. അഗളി ഡിവൈ എസ് പി യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെയാണ് വഴി തെറ്റി വനത്തില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഘത്തെ തിരിച്ചെത്തിച്ചത്. ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, മണ്ണാര്‍ക്കാട് ഡി എഫ് ഒ, യു ആഷിക്ക് അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കഞ്ചാവ് കൃഷി ചെയ്യുന്നുണ്ടെന്നുള്ള വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സംഘം ചൊവ്വാഴ്ച പുലര്‍ച്ച കാട്ടിലേക്ക് പോവുകയായിരുന്നു.ഡി വൈ എസ് പിയായ എസ് ജയകൃഷ്ണനുപുറമേ, ഏഴ് പോലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള വനത്തിലാണ് സംഘം കുടുങ്ങിപ്പോയത്. രാത്രി ആയതുകൊണ്ട് സംഘത്തിന് വഴി തിരിച്ചറിയാനും സാധിച്ചില്ല. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാല്‍ കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.