ഗവര്‍ണറുടെ വാഹനത്തിന് നേരെ അക്രമം കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് ഏഴ് വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
![](https://calicutpost.com/wp-content/uploads/2023/12/1-8.jpg)
തിരുവനന്തപുരം: ഗവര്‍ണറുടെ വാഹനത്തിന് നേരെ അക്രമം കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഏഴ് വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
രാഷ്ട്രപതിയെയോ ഗവര്‍ണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതര വകുപ്പായ ഐപിസി 124 ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമെ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തും.
ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെയാണ് എസ്എഫ്‌ഐക്കാര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തയ്യാറായത്. ഗവര്‍ണര്‍ക്കൊപ്പം സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പൊലീസ് രാജ്ഭവനില്‍ ചെന്ന് കണ്ട് മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.
നേരത്തെ പൊലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയെന്ന വകുപ്പ് മാത്രമായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. അതേസമയം കരിങ്കൊടി പ്രതിഷേധത്തില്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.
ബേക്കറി ജങ്ഷന് സമീപത്തു വച്ച് ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനം നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണ നല്‍കുന്ന നിലപാടാണ് മുഹമ്മദ് റിയാസ് അടക്കമുള്ള മന്ത്രിമാര്‍ സ്വീകരിച്ചത്.